കണ്ണൂർ: ഉമ്മ നൽകിയ പണവുമായി മുടിവെട്ടാൻ വീട്ടിൽ നിന്ന് ഇറങ്ങിയ 16 വയസുകാരനെ കാണാതായിട്ട് രണ്ടാഴ്ച പിന്നിട്ടു. കക്കാട് കുഞ്ഞിപ്പള്ളി വീട്ടിൽ മുഹമ്മദ് ഷസിനെയാണ് കാണാതായത്. ജൂലൈ 17 ന് രാവിലെ മുടിവെട്ടാനായി വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു ഷസ്. എന്നാൽ ഏറെ വൈകിയിട്ടും തിരിച്ചുവന്നില്ല. കാത്തിരിപ്പ് മണിക്കൂറുകളും ദിവസങ്ങളും ആഴ്ചകളും പിന്നിട്ട് അന്വേഷണം തുടരുകയാണ്. എന്നാൽ കുട്ടി എവിടെ എന്നതിന് ഇനിയും ഉത്തരമായില്ല.

മുടി മുറിക്കാനായി ഉമ്മ കൊടുത്തുവിട്ട നൂറുരൂപയുമായാണ് ഷസ് പോയത്. പൊലീസ് അന്വേഷണത്തിലും കുട്ടി എവിടെയെന്ന് ഇതുവരെ തുമ്പൊന്നും കിട്ടിയിട്ടില്ല. ഷസ് തിരികെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ഉപ്പയും ഉമ്മയും അനിയത്തിമാരായ ഷിഫയും ഫാത്തിമയും.

സമീപത്തെ സിസിടിവികളെല്ലാം കേന്ദ്രീകരിച്ച് ഷസിനായി തിരച്ചിൽ നടത്തിയെങ്കിലും ഒരു വിവരവും കിട്ടിയില്ല. വീട്ടിൽ നിന്ന് ഇറങ്ങിയ ഷസ് സുഹൃത്തുക്കളുടെ ആരുടെയും വീട്ടിലേക്ക് പോയിരുന്നില്ല. ആരെയും വിളിച്ചിട്ടുമില്ല. മുടിവെട്ടാൻ പോയ ഷസ് അടുത്തുള്ള കടകളിലൊന്നും എത്തിയിട്ടില്ലെന്നും വ്യക്തമായി. കുട്ടി എങ്ങോട്ട് പോയെന്ന ചോദ്യമാണ് ബാക്കിയാവുന്നത്.