ബാലരാമപുരം: ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാറിന്റെ മൊബൈൽഫോൺ മോഷ്ടിച്ചു കടന്നു കളഞ്ഞ മറുനാടൻതൊഴിലാളി അറസ്റ്റിൽ. ഞായറാഴ്ച രാവിലെ തേമ്പാമുട്ടത്തുള്ള റെയിൽവേ പ്ലാറ്റ്ഫോമിൽ വച്ചാണ് സംഭവം നടന്നത്. സുരേഷ് കുമാർ പ്ലാറ്റ്‌ഫോമിൽ വെച്ച ഫോൺ മോഷ്ടിച്ച മറുനാടൻ തൊഴിലാളി അവിടെ നിന്നും സ്ഥലം വിടുകയായിരുന്നു. പിന്നാലെ എത്തിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇന്നലെ രാവിലെ പതിവു പ്രഭാതസവാരിക്കായി തേമ്പാമുട്ടത്തുള്ള റെയിൽവേ പ്ലാറ്റ്ഫോമിലെത്തിയ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ പതിവുപോലെ മൊബൈൽഫോൺ പ്ലാറ്റ്‌ഫോമിനു സമീപത്തെ ബഞ്ചിൽ വെച്ചശേഷം നടന്നു. അധികംദൂരം പോകാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോഴാണ് സുബ്രേതാകാറും സുഹൃത്തും ഇവിടെയെത്തിയത്. സുബ്രേതാകാർ ഫോണെടുത്ത് പോക്കറ്റിലിട്ടു. അതിനു ശേഷം അവിടെ നിന്നും കന്യാകുമാരിയിലേക്ക് പോകുന്നതിന് ബസ് കയറാനായി ബാലരാമപുരത്ത് എത്തി.

ഈ സമയം ഫോൺ നഷ്ടപ്പെട്ട വിവരം സുരേഷ്‌കുമാർ ബാലരാമപുരം പൊലീസിലും നാട്ടുകാരിൽ ചിലരോടും പറഞ്ഞു. പൊലീസും നാട്ടുകാരും ചേർന്ന് ബാലരാമപുരം കവലയിലും പരിസരത്തും തിരക്കിയപ്പോഴാണ് ബസ് കാത്തുനിൽക്കുന്ന രണ്ട് മറുനാടൻതൊഴിലാളികളെ കണ്ടത്.

ഇവരെ ചോദ്യംചെയ്തപ്പോൾ സുബ്രേതാകാറിൽനിന്ന് മൊബൈൽഫോൺ കണ്ടെടുത്തു. ഇയാൾ ഫോൺ എടുത്തകാര്യം കൂടെയുണ്ടായിരുന്ന സുഹൃത്ത് അറിഞ്ഞിരുന്നില്ല. ഇതുകാരണം ഇയാളെ പ്രതി ചേർത്തിട്ടില്ല. ബാലരാമപുരം എസ്.എച്ച്.ഒ. വിജയകുമാർ, എസ്‌ഐ. ആന്റണി ജോസഫ് നെറ്റോ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.