- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻസ്റ്റഗ്രാം വഴി പരിചയം; പത്താം ക്ലാസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; ആത്മഹത്യാ ഭീഷണി; പോക്സോ കേസിൽ 24കാരന് 40 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ
തൃശൂർ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 24കാരന് 40 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തൃശൂർ വടൂക്കര പാലിയ താഴത്തു വീട്ടിൽ ഷിനാസി (24) നെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്. പത്താം ക്ലാസുകാരിയെ പ്രണയം നടിച്ചും ആത്മഹത്യാ ഭീഷണി മുഴക്കിയുമാണ് യുവാവ് പീഡിപ്പിച്ചത്.
2020ൽ ഇൻസ്റ്റഗ്രാം വഴിയാണ് യുവാവ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് മെക്കാനിക്കായ യുവാവ് പ്രണയം നടിച്ച് പെൺകുട്ടിയോട് അടുത്തു. ഇതിനിടെ തൃശൂർ റെയിൽവേ പാളത്തിൽനിന്നു വീഡിയോ കാൾ ചെയ്ത് ആത്മഹത്യ ഭീഷണിമുഴക്കിയും ചെയ്തു. പിന്നീട് വീടിനകത്ത് ഫാനിൽ തൂങ്ങിമരിക്കാൻ പോകുന്നുവെന്ന് കാണിച്ച് വീഡിയോ കോൾ ചെയ്ത് സ്വാധീനിച്ചായിരുന്നു 10-ാം ക്ലാസുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡീപ്പിച്ചത്.
വീട്ടുകാരുടെ പരാതിയെ തുടർന്ന് വലപ്പാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന കെ. സുമേഷിന്റെ നേതൃത്വത്തിലാണ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. കേസിൽ 20 സാക്ഷികളെ വിസ്തരിക്കുകയും 11രേഖകളും, തൊണ്ടിമുതലും ശാസ്ത്രീയ തെളിവുകളും പരിശോധിക്കുകയും ചെയ്തു. കേസിൽ പ്രോസിക്യുഷനുവേണ്ടി അഡ്വ. കെഎസ്. ബിനോയിയും, പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി അഭിഭാഷകരായ അമൃത, സഫ്നയും, അനുഷ, വലപ്പാട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ. മിഥുൻ വാഴക്കുളത്ത് എന്നിവർ പ്രവർത്തിച്ചു.




