കൊച്ചി: ബ്രഹ്‌മപുരത്ത് മാലിന്യ സംസ്‌കരണത്തിന് താൽക്കാലിക പ്ലാന്റ് സ്ഥാപിക്കാൻ കൊച്ചി കോർപറേഷൻ കൗൺസിൽ ഈ മാസം 15 നു മുൻപ് അനുമതി നൽകുമെന്നു ഹൈക്കോടതിയിൽ അറിയിച്ചു. പട്ടാള പുഴു ഉപയോഗിച്ചുള്ള പദ്ധതിയാണിതെന്നു കോർപറേഷൻ വിശദീകരിച്ചു. ബ്രഹ്‌മപുരത്തെ കിണറുകളിലെ ജലസാംപിൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പരിസര മലിനീകരണ നിയന്ത്രണ ബോർഡിനു ഹൈക്കോടതി നിർദ്ദേശം നൽകി.

ബിപിസിഎൽ പ്ലാന്റിനുള്ള അനുമതി സർക്കാർ ജൂലൈ 27 ന് നൽകിയിട്ടുണ്ടെന്നു തദ്ദേശഭരണ അഡീജനൽ ചീഫ് സെക്രട്ടറി അറിയിച്ചു. ഇക്കാര്യത്തിൽ നടപടികൾ വേഗത്തിലാക്കാനും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് , ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഹർജി പരിഗണിക്കുന്ന 18 ന് മുൻപ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ ഹൈക്കോടതിക്കു നൽകാനാണ് നിർദ്ദേശം.