കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമതർ ഉയർത്തുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വത്തിക്കാനിൽനിന്നും മാർപാപ്പയുടെ പ്രതിനിധി ആർച്ച്ബിഷപ് മാർ സിറിൾ വാസിൽ എസ്ജെ കൊച്ചിയിലെത്തി. സീറോ മലബാർ സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന അർപ്പണ രീതിയുമായി ബന്ധപ്പെട്ടുയരുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കുകയാണ് ലക്ഷ്യം.

പ്രശ്നങ്ങൾ വിശദമായി പഠിച്ച് പരിഹരിക്കുന്നതിനുള്ള പദ്ധതി തയാറാക്കുമെന്ന് മാർ സിറിൾ വാസിൽ പ്രതികരിച്ചു. ഏകീകൃത കുർബാനയർപ്പണ രീതി അതിരൂപതയിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി പഠിക്കുന്നതിനും പരിഹാരമാർഗം നിർദേശിക്കുന്നതിനുമാണ് ഫ്രാൻസിസ് മാർപാപ്പ പ്രത്യേക പ്രതിനിധിയെ നിയോഗിച്ചത്. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെ കാനൻനിയമ പ്രഫസറും ഈശോസഭാംഗവുമായ ഫാ.സണ്ണി കൊക്കരവാലയിലും അദ്ദേഹത്തോടൊപ്പമുണ്ട്.

അതേസമയം മാർപാപ്പയുടെ പ്രത്യേക പ്രതിനിധിയായി മാർ സിറിൽ വാസിൽ പ്രവർത്തിക്കുമ്പോഴും അതിരൂപതയുടെ ഭരണചുമതല അപ്പസ്തോലിക് അഡ്‌മിനിട്രേറ്റർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിക്കും.