- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റവാളികൾക്ക് പരിവർത്തനം സംഭവിക്കുമ്പോഴെ ശിക്ഷ അർത്ഥവത്താകൂ: ജില്ലാ ജഡ്ജി ജോഷി ജോൺ; നിയമ ബോധന ക്ലാസും തൊഴിൽ നൈപുണ്യ പരിശീലനവും ഉദ്ഘാടനം ചെയ്തു
എറണാകുളം: കുറ്റവാളികൾക്ക് നന്മയിലേക്കുള്ള പരിവർത്തനം സംഭവിക്കുമ്പോഴെ ശിക്ഷ അർത്ഥവത്താകൂ എന്ന് ജില്ലാ ജഡ്ജിയും കേരള സ്റ്റേറ്റ് ലീഗൽ സർവീസ് സൊസൈറ്റി മെമ്പർ സെക്രട്ടറിയുമായ ജോഷി ജോൺ പറഞ്ഞു. കാക്കനാട് ജില്ലാ ജയിലിലെ തടവുകാർക്കായി സംഘടിപ്പിക്കുന്ന നിയമബോധന ക്ലാസിന്റെയും തൊഴിൽ നൈപുണ്യ പരിശീലന പരിപാടിയുടെയും ഉദ്ഘാടനം നർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റം ചെയ്ത വ്യക്തികളെ കുറ്റവാസനയിൽ നിന്ന് പിന്തിരിപ്പിച്ച് സധാരണ പൗരനാക്കി തീർക്കുകയാണ് ശിക്ഷയുടെ ലക്ഷ്യം. ഒരു കുറ്റം ചെയ്തതുകൊണ്ട് ജീവിതകാലം മുഴുവൻ കുറ്റവാളിയായി ജീവിക്കേണ്ടതില്ല.
ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാൻ വിവിധ പദ്ധതികൾ നമുക്കുണ്ട്. ഇത്തരം ക്ലാസുകളും പരിശീലന പരിപാടികളും തൊഴിൽ സഹായവും മറ്റ് സേവനങ്ങളുമെല്ലാം തടവുകാർ പരമാവധി പ്രയോജനപ്പെടുത്തി സാധാരണ ജീവിതത്തിലേക്ക് മടങ്ങണം. മറിച്ച് ഒരു കുറ്റത്തിൽ നിന്ന് മറ്റൊന്നിലേക്ക് പോകുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കുറ്റവാളികളുടെ പരിവർത്തനവും പുനരധിവാസവും സാധ്യമാക്കി, കുറ്റകൃത്യങ്ങൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനായി നടപ്പാക്കുന്ന നേർവഴി പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പും ജില്ലാ പ്രൊബേഷൻ ഓഫീസും ജില്ലാ ജയിലും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയിലെ അഡ്വ. കെ. ഫാത്തിമ നിയമ ബോധന ക്ലാസ് നയിച്ചു. ഓഗസ്റ്റ് 8 മുതൽ 12 വരെയാണ് തടവുകാർക്ക് തൊഴിൽ നൈപുണ്യ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. ബ്യൂട്ടീഷ്യൻ കോഴ്‌സാണ് പരിശീലന പരിപാടിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
കാക്കനാട് ജില്ലാ ജയിൽ അങ്കണത്തിൽ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ ജില്ലാ പ്രൊബേഷൻ ഓഫീസർ എം. സബീന ബീഗം അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ (ഇൻ ചാർജ് ) എം.വി സ്മിത, ജയിൽ സൂപ്രണ്ട് രാജു എബ്രഹാം, വെൽഫയർ ഓഫീസർ ഒ.ജെ തോമസ്, പ്രൊബേഷൻ അസിസ്റ്റന്റ് അർജുൻ എം.നായർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.



