പത്തനംതിട്ട: റവന്യൂവകുപ്പ് കൂടുതൽ സുതാര്യവും അഴിമതി രഹിതവുമായി എന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.റവന്യൂ വകുപ്പിനു കീഴിലെ അടിസ്ഥാന ഓഫീസുകളായ താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ ഈ ഓഫീസ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി എംഎൽഎ ഫണ്ട് ഉപയോഗിച്ച് അടൂർ മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും ലാപ്ടോപ്പ്, കമ്പ്യൂട്ടർ, പ്രിന്റർ എന്നിവ നൽകുന്നതിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ നിർവഹിച്ചു.

എംഎൽഎയുടെ സ്പെഷ്യൽ ഫണ്ട് ഉപയോഗിച്ചാണ് അടൂർ മണ്ഡലത്തിലെ കൂടുതൽ റവന്യൂ ഓഫീസുകളും ഈ ഓഫീസ് ആക്കി മാറ്റുന്നത്. എല്ലാ സേവനങ്ങളും ഓൺലൈൻ വഴിയാണ് ഇപ്പോൾ നടന്നുവരുന്നത്. അതിന്റെ ഭാഗമായാണ് അടൂർ മണ്ഡലത്തിലെ അടൂർ താലൂക്ക് ഓഫീസ്, കൊടുമൺ വില്ലേജ് ഓഫീസ്, ഏഴകുളം വില്ലേജ് ഓഫീസ്, അങ്ങാടിക്കൽ വില്ലേജ് ഓഫീസ്, ഏറത്ത് വില്ലേജ് ഓഫീസ്, കടമ്പനാട് വില്ലജ് ഓഫീസ്, പള്ളിക്കൽ വില്ലജ് ഓഫിസ്, പന്തളം വില്ലേജ് ഓഫീസ്, പെരിങ്ങനാട് വില്ലേജ് ഓഫീസ്, കുരമ്പാല വില്ലേജ് ഓഫീസ്, തുമ്പമൺ വില്ലേജ് ഓഫീസ്, പന്തളം തെക്കേക്കര വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ ഡസ്‌ക് ടോപ്പുകളും ലാപ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും നൽകിയത്. ജനങ്ങൾക്ക് സേവനങ്ങൾ വേഗം ലഭ്യമാവാനും കാലതാമസം ഒഴിവാകാനും പറ്റുന്ന രീതിയിൽ ഉദ്യോഗസ്ഥന്മാർ പ്രവർത്തിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അടൂർ ആർഡിഒ ഓഫീസിൽ നടന്ന ചടങ്ങിൽ അടൂർ ആർഡിഒ തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ചു. അടൂർ തഹസിൽദാർ ജോൺ സാം, എൽ ആർ തഹസിൽദാർ മുംതാസ് പി എച്ച്, ഡെപ്യൂട്ടി തഹസിൽദാർമാരായ ഹരീന്ദ്രനാഥ് ആർ, ശ്രീകല ടി എസ് , സജീവ് എസ് , ദീപ സി, ഷഫിന എസ്, അടൂർ ആർടിഒ ഓഫീസ് സീനിയർ സൂപ്രണ്ട് ജി കെ പ്രദീപ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.