നെയ്യാറ്റിൻകര: പിരിവ് നൽകാത്തതിന് കോളേജ് വിദ്യാർത്ഥിനിയുടെ വീട് ആക്രമിച്ചു. അമരവിള കരിയൽതോട്ടം 'അച്യുത'ത്തിൽ റിട്ട. എസ്‌ഐ ടി.എസ്.അനിൽ കുമാറിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് വീട് ആക്രമിച്ചത്. മകൾ പിരിവുനൽകാത്തതിനും കോളജിൽ സംഘടനാ പ്രവർത്തനത്തിനിറങ്ങാൻ മടിച്ചതിനുമാണ് വീട് ആക്രമിച്ചത്. എബിവിപി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നും അനിൽകുമാർ ആരോപിച്ചു.

വീടിന്റെ ജനൽച്ചില്ല്, കാർ, ബൈക്ക് എന്നിവ സംഘം അടിച്ചു തകർത്തു. മാരകായുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. സ്ഥലത്തുനിന്നു വെട്ടുകത്തി കണ്ടെടുത്തു. ചില്ലുകൾ പൊട്ടുന്ന ശബ്ദം കേട്ടാണ് അനിൽ കുമാറും കുടുംബവും ഉണർന്നത്. ലൈറ്റിട്ടപ്പോൾ അക്രമികൾ ഓടിമറഞ്ഞു. നാട്ടുകാരും എത്തിയതോടെ മൂന്ന് ബൈക്കുകളിലായി ആറംഗ സംഘം രക്ഷപ്പെട്ടു. വീട് ആക്രമിച്ചതിനു പിന്നിൽ കോളജ് രാഷ്ട്രീയമാണെന്നു പൊലീസ് പറഞ്ഞു. എബിവിപി പ്രവർത്തകർ ഒട്ടേറെത്തവണ തന്നെ ഭീഷണിപ്പെടുത്തിയതായി ആനി പൊലീസിനു മൊഴി നൽകി.

തിരുവനന്തപുരം റൂറൽ എസ്‌പി ഓഫിസിലെ എസ്‌ഐയായിരുന്ന അനിൽകുമാർ ആറു മാസം മുൻപാണു വിരമിച്ചത്. മുൻപു പാറശാല എസ്‌ഐയായിരുന്നപ്പോൾ എബിവിപിക്കെതിരെ നടപടി സ്വീകരിച്ചതും വൈരാഗ്യത്തിനു കാരണമായതായി പറയുന്നു. അനിൽ കുമാറിന്റെ മകൾ എ.ആനി ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. കോളജ് യൂണിയൻ ഭരിക്കുന്ന എബിവിപി ആനി ഉൾപ്പെടെയുള്ള വിദ്യാർത്ഥിനികളെ രാഷ്ട്രീയ പരിപാടികൾക്ക് നിർബന്ധിച്ചു കൊണ്ടുപോയിട്ടുണ്ടെന്നും ഇതിനെ ചോദ്യം ചെയ്തതോടെ ആനിയോടു ദേഷ്യമായെന്നും ഇതാണ് ആക്രമണത്തിനു കാരണമെന്നു കരുതുന്നതായും പൊലീസ് പറഞ്ഞു.

പരീക്ഷയെഴുതാൻ അനുവദിക്കില്ലെന്നും കോഴ്‌സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് വാങ്ങുന്നതു കാണാം എന്നും വെല്ലുവിളിച്ചതായും മൊഴിയിൽ പറയുന്നു. അക്രമികളെ തിരിച്ചറിയാമെന്ന് അനിൽകുമാർ പൊലീസിനോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർ: സി.സി.പ്രതാപചന്ദ്രൻ പറഞ്ഞു. എബിവിപി പ്രവർത്തകർ വീട് ആക്രമിച്ചെന്ന പ്രചാരണം ശരിയല്ലെന്നും പൊലീസ് കള്ളക്കേസുകൾ രജിസ്റ്റർ ചെയ്യുകയാണെന്നും എബിവിപി ജില്ലാ കമ്മിറ്റി പ്രതികരിച്ചു.