തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്ന മുദ്രാവാക്യം ഉയർത്തി എൽഡിഎഫിന്റെ നേതൃത്വത്തിൽ ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി രാജ്ഭവനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ നടപടി ആവശ്യമില്ലെന്നു സർക്കാർ. ജീവനക്കാർക്കെതിരെ നടപടി എടുക്കേണ്ട സാഹചര്യമില്ലെന്ന റിപ്പോർട്ട് രാജ്ഭവന് കൈമാറി.

2022 മാർച്ച് 15നാണ് രാജ്ഭവനിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. ബിജെപി നേതൃത്വം ഗവർണർക്ക് പരാതി നൽകിയതിനെ തുടർന്നാണ് രാജ്ഭവൻ സർക്കാരിനോടു വിശദീകരണം തേടിയത്. ഇടതു സർവീസ് സംഘടനാ നേതാക്കളായ ജീവനക്കാരുടെ വിശദീകരണം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിക്കുകയായിരുന്നു.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. സർക്കാർ ജീവനക്കാർ മാർച്ചിൽ പങ്കെടുക്കുന്നുണ്ടെന്നു കാട്ടി അന്നേദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനായ ഗവർണർക്കെതിരെ സർക്കാർ ജീവനക്കാർ സമരം നടത്തുന്നത് ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. മാർച്ചിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നത് വിലക്കണമെന്ന ആവശ്യത്തിൽ ഹൈക്കോടതി ഇടപെട്ടില്ല. വിഷയത്തിൽ ചീഫ് സെക്രട്ടറിക്കു പരാതി ലഭിച്ചാൽ നിയമാനുസൃതം പരിഗണിച്ചു തീർപ്പാക്കണമെന്നു നിർദേശിച്ചു.

ബിജെപി ജില്ലാ നേതൃത്വം പിന്നീട് ഗവർണർക്കു പരാതി നൽകി. പ്രതിഷേധത്തിൽ പങ്കെടുത്ത ഇടതു സംഘടനകളിലെ സർക്കാർ ഉദ്യോഗസ്ഥരുടെ വിവരങ്ങളും വിഡിയോ ദൃശ്യങ്ങളും കൈമാറി. രാജ്ഭവൻ ചീഫ് സെക്രട്ടറിക്ക് നിവേദനം തുടർനടപടികൾക്കായി അയച്ചു. രാഷ്ട്രീയ സംഘടനകളുടെ സമരത്തിലല്ല പങ്കെടുത്തതെന്നായിരുന്നു ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിക്കു നൽകിയ വിശദീകരണം. ഉദ്യോഗസ്ഥ വിശദീകരണം അംഗീകരിച്ച മുഖ്യമന്ത്രി, തുടർനടപടികൾ വേണ്ടെന്നു നിർദേശിച്ചു. രാജ്ഭവനെ ഇക്കാര്യം അറിയിച്ചു റിപ്പോർട്ട് നൽകി.