കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്ന വിജിലൻസ് വകുപ്പിനെതിരെ അതിരൂക്ഷ വിമർശനവുമായി സി. ഐ.ടി.യു അനുകൂല സംഘടന. 2018-മുതൽ സർവീസ് ചാർജ് വർധിപ്പിക്കുമെന്നു വാഗ്ദാനം ചെയ്തിട്ടും അതു നടപ്പിലാക്കാത്ത സർക്കാർ വിജിലൻസിനെ ഉപയോഗിച്ചു പുകമറ സൃഷ്ടിച്ചു വേട്ടയാടുകയാണ് ചെയ്യുന്നതെന്നാണ് ഇവരുടെ ആരോപണം. ഇതിനെതിരെ അതിശക്തമായ പ്രതിഷേധപരിപാടികൾ നടത്തുംണ നിരക്ക് വർദ്ധിപ്പിക്കാതെ ഇനി അക്ഷയകേന്ദ്രങ്ങൾക്കു മുൻപോട്ടു പോകാൻ കഴിയില്ലെന്നും അടച്ചുപൂട്ടൽ ഭീഷണിയിലാണ് പലതും പ്രവർത്തിക്കുന്നതെന്നും സിഐ.ടി.യു അനുകൂല ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

സംസ്ഥാന വ്യാപകമായി അക്ഷയ കേന്ദ്രങ്ങളിൽ ഓഗസ്റ്റ് നാലിന് രാവിലെ മുതൽ രാത്രിവരെ ഓപ്പറേഷൻ ഇ-സേവ എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന പരിഹാസ്യമാണെന്ന് അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് അക്ഷയ (സിഐടിയു) ഭാരവാഹികൾ ചൂണ്ടിക്കാട്ടി.2010 മുതൽ ആണ് അക്ഷയ കേന്ദ്രങ്ങളിൽ ഇ-സർവീസുകൾ ആരംഭിക്കുന്നത്. ഇത്തരം സർവീസുകൾക്ക് നിശ്ചയിച്ച സർവീസ് ചാർജ് 2018ലുള്ളതാണ്. കഴിഞ്ഞ അഞ്ചു വർഷക്കാലമായി സർക്കാറിനോടും ഐടി മിഷനോടും നിവേദനങ്ങൾ വഴിയും സമരങ്ങളും നടത്തി സർവീസ് ചാർജ് പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മുഖം തിരിഞ്ഞുനിൽക്കുന്ന സമീപനമാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സർക്കാർ നിശ്ചയിച്ച സർവീസ് ചാർജ് പ്രകാരം അക്ഷയകേന്ദ്രങ്ങളിൽ ബോർഡ് പ്രദർശിപ്പിച്ചു തന്നെയാണ് കേരളത്തിലെ 3500 ഓളം അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിച്ചു വരുന്നത്. അഞ്ചു വർഷക്കാലമായി ദൈനംദിന ജീവിതത്തിൽ വന്ന വലിയ വിലവർധന ബാധിക്കാതെ തൊഴിൽ മേഖലയായി അക്ഷയ മാറി. ജീവനക്കാരുടെ ശമ്പളം, ഓഫീസ് ചെലവ്, വൈദ്യുതി, ഇന്റർനെറ്റ്, തുടങ്ങിയ മേഖലയാകെ ദിവസം തോറും വർദ്ധന വന്നിട്ടും സേവന നിരക്കിൽ ഒരു മാറ്റവും അയ കേന്ദ്രത്തിൽ വന്നിട്ടില്ല. 130 രൂപ കഴിഞ്ഞ ഹോം മാസ്റ്ററിങ്ങിനു അക്ഷയ കേന്ദ്രങ്ങൾക്ക് നൽകിയിരുന്ന സർക്കാർ ഇത്തവണ അത് 50 രൂപയായി വെട്ടിക്കുറച്ചു. അക്ഷയ കേന്ദ്രത്തിന് ചുറ്റും സമാന്തര ഓൺലൈൻ സേവന കേന്ദ്രങ്ങൾ, കോമൺ സർവീസ് സെന്റുകൾ എന്നിവ വർദ്ധിച്ചു വരികയും അതിനെ തടയാതെ സർക്കാറിന്റെ ഉത്തരവുകൾ ഫയലിൽ ഉറങ്ങുകയും ചെയ്യുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത്തരം സമാന്തര കേന്ദ്രങ്ങളിലൂടെ വ്യാജ സർട്ടിഫിക്കറ്റുകളും മറ്റ് ക്രമക്കേടുകകളും നടക്കുന്നുവെന്ന വിവരം രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചതായി അറിയുന്നു. എന്നാൽ അത്തരം കേന്ദ്രങ്ങൾ പരിശോധിക്കുവാനും നടപടിയെടുക്കാനും വിവിധ ഉത്തരവുകൾ നിലവിലുണ്ട്.

എന്നാൽ അത്തരം കേന്ദ്രങ്ങളിൽ യാതൊരു പരിശോധനകളും നടത്താതെ ജില്ലാ കലക്ടർ ചെയർമാൻ ആയ സൊസൈറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന അക്ഷയയിൽ പരിശോധന നടത്തുന്നത് വിരോധാഭാസമാണ്. നിലവിലെ എഗ്രിമെന്റ് പ്രകാരം ജില്ലാ ഓഫിസ് ജീവനക്കാർക്കും സെന്ററിൽ വിസിറ്റ് ചെയ്യാനും പരിശോധിക്കാനും കഴിയുമെന്നിരിക്കെ വിജിലൻസിനെ അക്ഷയ കേന്ദ്രങ്ങളിലേക്ക് വിട്ടത് പൊതുജനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങളോടുള്ള വിശ്വാസ്യത തകർക്കുന്ന നിലയാണ് ഉണ്ടായത് എന്നും ഭാരവാഹികൾ കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞുഅസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് അക്ഷയ (സിഐടിയു) സംസ്ഥാന ഭാരവാഹികളായ വി.സന്തോഷ് ,കെ കെ ദീപക്, സതീശൻ മുതുവടത്ത് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.