- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുമതവും വർഗീയത പ്രോത്സാഹിപ്പിക്കുന്നില്ല; നമ്മുടെ നാടിന്റെ പ്രത്യേകത മതസാഹോദര്യമെന്നും മന്ത്രി മുഹമ്മദ് റിയാസ്
കണ്ണൂർ: തലശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന സർക്യൂട്ട് വികസിപ്പിക്കുമെന്ന്പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് തൊടീക്കളത്ത് പറഞ്ഞു. ടൂറിസം വകുപ്പ് തലശ്ശേരി പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി 2.57 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ തൊടീക്കളം ചുവർചിത്ര മ്യൂസിയവും അടിസ്ഥാന സൗകര്യ വികസന പദ്ധതിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നമ്മുടെ നാടിന്റെ പ്രത്യേകത മതസാഹോദര്യമാണ്. ഏതു മതത്തിൽപെട്ടവരായാലും പരസ്പര ബഹുമാനത്തോടെ ജീവിച്ചു മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നവരാണ്. ഒരു മതവും മത വർഗീയത പ്രോത്സാഹിപ്പിക്കുന്നില്ല. എല്ലാ മത ആശയങ്ങളും മത സാഹോദര്യത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്.
മത സാഹോദര്യത്തിന്റെ, സ്നേഹത്തിന്റെ, സഹവർത്തിത്വത്തിന്റെ സന്ദേശം സമൂഹത്തിൽ എത്തിക്കുകയാണ് ടൂറിസം വകുപ്പ് ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ ആതിഥേയ മര്യാദയും മതസൗഹാർദവും മതനിരപേക്ഷ മനസ്സുമാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്നത്.
രാജ്യാന്തരതലത്തിൽ തന്നെ പ്രശസ്തമായതാണ് തൊടീക്കളം ക്ഷേത്രം, കൊട്ടിയൂർ ക്ഷേത്രം, കതിരൂർ സൂര്യനാരായണ ക്ഷേത്രം, അറക്കൽ കെട്ട്, കക്കുളങ്ങര മസ്ജിദ്, ഊർപ്പഴച്ചിക്കാവ് ക്ഷേത്രം, ചിറക്കക്കാവ്, പെരളശ്ശേരി ക്ഷേത്രം, ലോകനാർകാവ്, വള്ളിയൂർക്കാവ്, ഓടത്തിൽ പള്ളി, ഇല്ലിക്കുന്ന് സി എസ് ഐ ചർച്ച്, പഴശ്ശി സ്മൃതിമണ്ഡപം തുടങ്ങി നിരവധി പൈതൃക തീർത്ഥാടന കേന്ദ്രങ്ങളുടെ വികസനം പദ്ധതിയുടെ ഭാഗമായി നടന്നു വരുന്നതായും മന്ത്രി പറഞ്ഞു.
ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയായി. മലബാർ ദേവസ്വം ബോർഡ് ചെയർമാൻ ടി കെ സുധി വിശിഷ്ട സാന്നിധ്യമായി. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ഷീല, ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ബാലൻ, വാർഡ് മെമ്പർ എം ലീന, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി സി മനോജ്, ടൂറിസം ഇൻഫർമേഷൻ ഓഫീസർ ശ്രീനിവാസൻ, പി ജിനീഷ്, പി സുധാകരൻ, എം കെ സുധാകരൻ, ചമ്പാടൻ സഹദേവൻ എന്നിവർ സംസാരിച്ചു. മലബാർ ദേവസ്വം ബോർഡ് ഏരിയ കമ്മിറ്റി അംഗങ്ങളായ സതീശൻ തില്ലങ്കേരി, പി ഉണ്ണികൃഷ്ണൻ, പി കെ രാഗേഷ്, ട്രസ്റ്റ് ബോർഡ് ചെയർമാൻ സി ജയേഷ്, ക്ഷേത്ര കമ്മിറ്റി അംഗങ്ങളായ കെ വി ധർമ്മരാജൻ, അംഗജൻ പറായി, ക്ഷേത്രം മാതൃസമിതി അംഗം എം കോമളവല്ലി എന്നിവർ പങ്കെടുത്തു.




