വിതുര: കരടിയെ കണ്ടു പേടിച്ച ഗൃഹനാഥൻ അടുത്തു കണ്ട കമുകിൽ വലിഞ്ഞു കയറി. ഇതുകണ്ട കരടി ഗൃഹനാഥന്റെ പിന്നാലെ കയറി കാലിൽ പിടിച്ചു വലിച്ചു താഴെയിട്ടു. മണലി തച്ചരുകാല തെക്കുംകര പുത്തൻ വീട്ടിൽ ശിവദാസൻ കാണിക്കാണു(55) പരുക്കേറ്റത്. പിടിവലിയുടെ ആഘാതത്തിൽ ശിവദാസന്റെ കാൽപ്പാദത്തിൽ കരടിയുടെ നഖം കൊണ്ട് ആഴത്തിൽ മുറിവേറ്റു.

ശിവദാസന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കരടിയെ ഉൾക്കാട്ടിലേക്ക് ഓടിച്ചു വിട്ടതിനാൽ കരടിയുടെ ആക്രമണത്തിൽ നിന്നും ഇദ്ദേഹം രക്ഷപ്പെട്ടു. നാട്ടുകാർ ശിവദാസനെ വിതുര താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 6.30 ന് ജോലിക്കു പോകുന്നതിനിടെയാണ് കരടി ശിവദാസനെ ആക്രമിച്ചത്.

കരടിയെ കണ്ടു ഭയന്ന ശിവദാസൻ ഓടി തൊട്ടടുത്ത് നിന്ന കമുകിൽ വലിഞ്ഞു കയറുകയായിരുന്നു. പിന്നാലെയെത്തിയ കരടി, ശിവദാസനു പിന്നാലെ കമുകിൽ കയറി ആക്രമിക്കുകയായിരുന്നു.ശിവദാസന്റെ ദേഹമാസകലവും പരുക്കുണ്ട്. പ്രദേശത്തു കരടിയുടെ സാന്നിധ്യം മുൻപ് പല തവണ ഉണ്ടായിട്ടുണ്ടെങ്കിലും ആക്രമണം ഇതാദ്യമാണെന്ന് നാട്ടുകാർ പറയുന്നു.