പാലക്കാട്: ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയയാളെ ആശുപത്രിക്കെട്ടിടത്തിലെ പൈപ്പ് ഡക്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് ഗവ. മെഡിക്കൽ കോളേജിലാണ് സംഭവം. പൊൽപ്പുള്ളി വേർകോലി ചിറവട്ടം വീട്ടിൽ പരേതനായ ആറുച്ചാമിയുടെ മകൻ മോഹനനാണ് (47) മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. കെട്ടിടത്തിന്റെ മൂന്നാംനിലയിലുള്ള ഡക്ടിനകത്തുകൂടെ താഴത്തെ നിലയിലേക്ക് വീണതാകാമെന്നാണു കരുതുന്നത്.

ആശുപത്രിയിലെ മൂന്നാം നിലയിലുള്ള ഒ.പി. വിഭാഗത്തിലേക്ക് മോഹനൻ ശനിയാഴ്ച രാവിലെ ചികിത്സയ്‌ക്കെത്തിയിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. മൂന്നാംനിലയിൽനിന്ന് ശൗചാലയമാണെന്ന് കരുതി ഡക്ടിലേക്ക് കയറിയപ്പോൾ, അബദ്ധത്തിൽ താഴേക്കു വീണതാകാമെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. ഉച്ചയ്ക്ക് ഒരുമണിവരെ ഒ.പി. പ്രവർത്തിച്ചിരുന്നു. ഒ.പിയോട് ചേർന്നാണ് പൈപ്പ് ഡക്ടുള്ളത്. മുകളിലെ നിലകളിലേക്കുള്ള ജലവിതരണപൈപ്പുകളടക്കമുള്ളവ ഒരേ ദിശയിൽ ബന്ധിപ്പിക്കാനായി സജ്ജീകരിച്ച പ്രത്യേക മുറിയാണ് പൈപ്പ് ഡക്ട്.

പൈപ്പുകളിൽ തകരാറുണ്ടായാൽ, ഓരോ നിലയിലുമുള്ള ഈ ഡക്ടുകൾ തുറന്നാണ് അറ്റകുറ്റപ്പണി നടത്താറുള്ളത്. പ്രത്യേക വാതിലോടുകൂടി, ഒന്നോ രണ്ടോ ആളുകൾക്ക് അകത്തുകയറി അറ്റകുറ്റപ്പണി നടത്താൻ വലിപ്പമുള്ളതാണിവ. ശനിയാഴ്ച പൈപ്പിൽനിന്ന് വെള്ളം ചോരുന്ന ശബ്ദം കേട്ടിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. ഇത് പരിശോധിക്കാനായി ആശുപത്രി സുരക്ഷാജീവനക്കാരും കരാർ പണിക്കാരും ഉച്ചയോടെ താഴത്തെ നിലയിലുള്ള പൈപ്പ് ഡക്ട് തുറന്നപ്പോഴാണ് മോഹനൻ അകത്തു കിടക്കുന്നതു കണ്ടത്.

പൈപ്പുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ക്ഷീരകർഷകനാണ് മോഹനൻ. ഭാര്യ: ജ്യോതി. മകൾ: മോനിഷ (അഞ്ചാംക്ലാസ് വിദ്യാർത്ഥി).