കോഴിക്കോട്: ലഹരി മരുന്നു കേസിൽ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് പൊലീസ്. മലബാർ മേഖലയിൽ കാപ്പ ചുമത്തി ആദ്യമായാണ് ഒരാളെ അറസ്റ്റ് ചെയ്യുന്നത്. കോഴിക്കോട് വെള്ളയിൽ സ്വദേശി നാലുകുടിപ്പറമ്പ് ഹാഷിം (58) ആണ് അറസ്റ്റിലായത്. കോഴിക്കോട് നഗരത്തിലെ മയക്കുമരുന്നു വിൽപനക്കാരിൽ പ്രധാന കണ്ണിയും ഒട്ടേറെ കേസുകളിൽ പ്രതിയുമായ ഹാഷിമിനെ ശനിയാഴ്ചയാണ് പിടികൂടിയത്.

വെള്ളയിൽ പൊലീസാണ് ഇയാളെ നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്. ഡപ്യൂട്ടി കമ്മിഷണർ കെ.ഇ. ബിജുവിന്റെ നിർദ്ദേശപ്രകാരം ഇയാളെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിന് അയച്ചു. സംസ്ഥാനത്തു ലഹരി മരുന്നു കേസിൽ കാപ്പ ചുമത്തി പ്രതിയെ നാടുകടത്തിയ സംഭവം ആദ്യമുണ്ടായത് എറണാകുളത്താണ്. കഴിഞ്ഞ മാസമായിരുന്നു ഇത്.