പാലക്കാട്: കൈക്കൂലി കേസിൽ ഫീൽഡ് അസിസ്റ്റൻഡ് അറസ്റ്റിലായതിന് പിന്നാലെ പാലക്കയം വില്ലേജ് ഓഫീസിൽ ജീവനക്കാർക്ക് കൂട്ട സ്ഥലംമാറ്റം. വില്ലേജ് ഓഫീസറെ കണ്ണൂരിലേക്കും വില്ലേജ് അസിസ്റ്റന്റിനെ അട്ടപ്പാടി താലൂക്കിലേക്കും ഫീൽഡ് അസിസ്റ്റന്റിനെ പാലക്കാട് താലൂക്കിലേക്കുമാണ് മാറ്റിയത്. റവന്യൂവകുപ്പ് ജോ. സെക്രട്ടറി കെ. ബിജുവിന്റെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണം പൂർത്തിയാക്കി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റ നടപടി.

കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് മുൻ ഫീൽഡ് അസിസ്റ്റന്റ് സുരേഷ്‌കുമാറിനെ മെയ്‌ 28നാണ് പാലക്കാട് വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നടപടി. സുരേഷ് കുമാറിന്റെ മുറിയിൽ നിന്ന് ആകെ മുപ്പത്തിയഞ്ച് ലക്ഷത്തി ഏഴുപതിനായിരം രൂപയാണ് വിജിലൻസ് കണ്ടെത്തിയത്. കൈക്കൂലിയായി പൈസ മാത്രമല്ല എന്തു കിട്ടിയാലും സുരേഷ് കുമാർ കൈപ്പറ്റിയിരുന്നുവെന്നാണ് വിജിലൻസിന്റെ നിഗമനം.

പണത്തിന് പുറമെ കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ, പടക്കങ്ങൾ, കെട്ടുക്കണക്കിന് പേനകൾ എന്നിവയും കണ്ടെത്തിയിരുന്നു. സുരേഷിന്റെ മണ്ണാർക്കാട് ലോഡ്ജ് മുറിയിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ നിന്നാണ് പണത്തിന് പുറമെയുള്ള വസ്തുക്കൾ കണ്ടെത്തിയത്.

അനധികൃത സ്വത്ത് എങ്ങനെ സമ്പാദിച്ചെന്ന് വിജിലൻസ് അന്വേഷിക്കും. മുമ്പ് ജോലിയെടുത്തിരുന്ന വില്ലേജ് ഓഫീസുകളിലും ഇയാൾ വ്യാപകമായി ക്രമക്കേട് നടത്തിയിരുന്നുവെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.