- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമൂഹ പുരോഗതിയിൽ സ്ത്രീകളുടെ പങ്ക് അംഗീകരിക്കും
കല്യാശേരി:സമൂഹത്തെ ഇന്നത്തെ രീതിയിൽ പുരോഗതിയിലേക്ക് എത്തിക്കാൻ സ്ത്രീകൾ വഹിക്കുന്ന പങ്കിനെ അംഗീകരിക്കുമെന്ന് സാംസ്‌കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് സംസ്ഥാന സാംസ്‌കാരിക വകുപ്പുമായി ചേർന്ന് സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം എന്ന സന്ദേശം ഉയർത്തി ആവിഷ്‌കരിച്ച 'സമം' ബോധവത്കരണ പരിപാടി ഉദ്ഘാടനവും സ്ത്രീ ശാക്തീകരണ പുരസ്‌കാര വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിർമ്മാണ മേഖലയിലും വ്യവസായ മേഖലയിലും തുടങ്ങി നാടിന്റെ നാനാ മേഖലയിൽ മാതൃകാ പരമായ പ്രവർത്തനങ്ങൾ നടത്തുന്ന സ്ത്രീകൾ നമ്മുടെ സമൂഹത്തിലുണ്ട്. എന്നാൽ ഇത്തരത്തിലുള്ളവരെ അംഗീകരിക്കുന്നതോ ആദരിക്കുന്നതോ കുറവാണ്. പലപ്പോഴും പുരസ്‌കാരങ്ങൾ പുരുഷന്മാർക്ക് മാത്രമാകുന്നു. സ്ത്രീകളെ മുഖ്യധാരായിലേക്ക് എത്തിക്കാനും അവർക്കാവശ്യമായ പ്രോത്സാഹനം നൽകുന്നതിനും വേണ്ടിയാണ് സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ 'സമം' പരിപാടി ആസൂത്രണം ചെയ്തത്. ഇതിലൂടെ കേരളത്തിലെ വിവിധ മേഖലകളിലുള്ള ആയിരത്തോളം സ്ത്രീകളെ വകുപ്പിന്റെ നേതൃത്വത്തിൽ ആദരിക്കുന്നതായി മന്ത്രി പറഞ്ഞു.
സമം സ്ത്രീ ശാക്തീകരണ പുരസ്‌കാരത്തിന് വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച ജില്ലയിലെ 20 വനിതകളാണ് അർഹരായത്. സിനിമാതാരം നിഖില വിമൽ, ഗായിക സയനോര ഫിലിപ്പ്, പൊതുപ്രവർത്തക കെ ലീല, ബോക്‌സിങ് താരവും ധ്യാൻ ചന്ദ് പുരസ്‌കാര ജേതാവുമായ കെ സി ലേഖ, ബീവി ഡോക്ടർ എന്നറിയപ്പെടുന്ന സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. മുബാറക്ക ബീവി, ചെത്ത് തൊഴിലാളിയായ ഷീജ ജയകുമാർ, ഭിന്നശേഷി കുട്ടികൾക്കു വേണ്ടി പ്രവർത്തിക്കുന്ന ജലറാണി ടീച്ചർ, യുട്യൂബ് ട്രാവൽ വ്‌ളോഗർ നാജി നൗഷി, നാടക കലാകാരി രജനി മേലൂർ, ചിത്രകാരി സുനിത തൃപ്പാണിക്കര, 80 വയസ് കഴിഞ്ഞ നിർമ്മാണ തൊഴിലാളി കെ സി നാരായണി മേസ്തിരി, തെയ്യം കലാകാരി കെ പി ലക്ഷ്മി, സർക്കാർ കോൺട്രാക്ടർ വി കെ ലത, ബസ്സുടമയും ജീവനക്കാരിയുമായ റജി മോൾ, ഡെപ്യൂട്ടി കലക്ടർ കെ വി ശ്രുതി, വനിത വ്യവസായി ഷൈൻ ബെനവൻ, കണ്ണപുരം റെയിൽവേസ്റ്റേഷനിൽ ട്രാക്കിൽ വീണു പോയ യാത്രക്കാരനെ രക്ഷിച്ച ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് സി അശ്വനി, നവ സംരംഭക സംഗീത അഭയ്, നൃത്ത കലാകാരി കലാമണ്ഡലം ലീലാമണി, സാഹിത്യകാരി എസ് സിത്താര എന്നിവരെയാണ് ആദരിച്ചത്.
ഇതോടൊപ്പം നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ ആദ്യത്തെ വലിച്ചെറിയൽ മുക്ത നഗരസഭയായ ആന്തൂർ മുനിസിപ്പാലിറ്റിയിലെ ഹരിത കർമ്മ സേനാംഗങ്ങൾ, റിപ്പബ്ലിക് പരേഡിൽ കേരളത്തെ പ്രതിനിധീകരിച്ച പാപ്പിനിശ്ശേരിയിലെ സപ്തവർണ്ണ വനിത ശിങ്കാരിമേളം ടീം, ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള ട്രാൻസ്ജെൻഡർ കലാ ട്രൂപ്പ് ഭദ്ര ട്രാൻസ്ജെൻഡർസ് ഡാൻസ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവരെയും ആദരിച്ചു.




