- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായമായ അമ്മയെ പെൺമകളുടെ വീടിനു മുന്നിലുപേക്ഷിച്ച് ആൺമക്കൾ; അമ്മ അകത്തേക്ക് കയറാതിരിക്കാൻ ഗേറ്റ് പൂട്ടി താക്കോലെടുത്ത് മകളും: മണിക്കൂറുകളോളം റോഡിൽ കിടന്ന വയോധികയെ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കുമാറ്റി
പേയാട്: പ്രായമായ അമ്മയെ പെൺമകളുടെ വീടിനു മുന്നിലുപേക്ഷിച്ച് ആൺമക്കൾ പോയി. അമ്മയെ നോക്കാൻ തയ്യാറാവാത്ത മകൾ ഗേറ്റ് പൂട്ടി താക്കോലെടുത്തതോടെ വയോധിക പെരുവഴിയിലായി. ഇതോടെ വീടിനുമുന്നിലെ റോഡിൽ മണിക്കൂറുകളോളം കിടന്ന വൃദ്ധയെ നാട്ടുകാർ ഇടപെട്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കുമാറ്റി. എൺപത്തഞ്ചുകാരിയായ അമ്മയെ ആണ് മക്കൾ തമ്മിലുള്ള വഴക്കിനിടെ പെരുവഴിയിലുപേക്ഷിച്ചത്.
വിശാലാക്ഷി എന്ന ഈ അമ്മയ്ക്ക് രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമാണ് ഉള്ളത്. വിളപ്പിൽ കരുവിലാഞ്ചി മൂങ്ങോടുള്ള മകനൊപ്പമാണ് വിശാലാക്ഷി താമസിച്ചിരുന്നത്. ഞായറാഴ്ച വൈകീട്ട് മൂന്നുമണിയോടെ വിശാലാക്ഷിയെ രണ്ട് ആൺമക്കൾ ചേർന്ന് പേയാട് ചെറുപാറയിൽ മൂത്തമകൾ താമസിക്കുന്ന വാടകവീട്ടിലെത്തിക്കുകയും അമ്മയെ അവിടെ താമസിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ന്നാൽ വീട്ടിലെ അസൗകര്യങ്ങൾ പറഞ്ഞ് മകൾ അമ്മയെ ഏറ്റെടുക്കാൻ തയ്യാറായില്ല. ഇതോടെ അമ്മയെ സഹോദരിയുടെ വീടിനു മുന്നിൽ ഉപേക്ഷിച്ച് ആൺമക്കൾ പോയി. മകൾ വീടിന്റെ ഗേറ്റും പൂട്ടി. ഇതോടെയാണ് വീടിനുമുന്നിലെ റോഡിൽ വിശാലാക്ഷിക്കു മണിക്കൂറുകളോളം കിടക്കേണ്ടിവന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വാർഡ് അംഗം ടി.ഉഷയും വിളപ്പിൽശാല പൊലീസും മകളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ആരും തുണയില്ലാതെ റോഡിൽ ഒറ്റപ്പെട്ടുപോയ വൃദ്ധയെ വിളപ്പിൽശാല സാമൂഹികാരോഗ്യകേന്ദ്രത്തിലേക്കുമാറ്റി. തിങ്കളാഴ്ച മക്കളെ വിളിച്ചുവരുത്തി പ്രശ്‌നപരിഹാരമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് പൊലീസ്.



