- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിപ്പറിന് വശംകൊടുക്കവേ റോഡിടിഞ്ഞു; ടിപ്പർ ഉടമയ്ക്ക് 26,000 രൂപ പിഴയിട്ട് പൊതുമരാമത്ത് വകുപ്പ്: അസാധാരണ നടപടിയെ നിയമപരമായി നേരിടാൻ ടിപ്പർ ഉടമ
തിരുവമ്പാടി: റോഡ് ഇടിഞ്ഞതിന് ടിപ്പർ ഉടമയ്ക്ക് 26,000 രൂപ പിഴയിട്ട് പൊതുമരാമത്ത് വകുപ്പ്. കൂമ്പാറ പാമ്പോടൻ റസാഖിനാണ് തിരുവമ്പാടി പി.ഡബ്ല്യു.ഡി. സെക്ഷൻ ഓഫീസ് പിഴയടയ്ക്കാൻ നിർദേശിച്ചിരിക്കുന്നത്. റസാഖിന്റെ ടിപ്പർ വീതികുറഞ്ഞ റോഡിലൂടെ വരവെ എതിരേവന്ന ടിപ്പറിന് വശംകൊടുക്കവേ തെന്നിമാറി താഴ്ന്ന് റോഡിന് നാശനഷ്ടമുണ്ടായത്. ജൂലായ് 24-ന് ഉച്ചയ്ക്കാണ് സംഭവം. മരഞ്ചാട്ടിയിൽനിന്ന് കൂടരഞ്ഞി ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പറാണ് മാങ്കയത്ത് റോഡിൽ താഴ്ന്നത്. വാഹനത്തിന്റെ ഇടതുഭാഗത്തെ മുൻചക്രം അല്പം താഴ്ന്നുപോകുകയായിരുന്നു.
ജെ.സി.ബി. ഉപയോഗിച്ച് ഉയർത്തിയാണ് റോഡിൽ നിന്നും വാഹനം കൊണ്ടുപോയത്. ചക്രം താഴ്ന്നപ്പോൾ രൂപപ്പെട്ട കുഴി കല്ലുപയോഗിച്ച് നന്നാക്കിയശേഷമാണ് പോന്നതെന്ന് ടിപ്പർ ഓടിച്ചിരുന്ന റസാഖിന്റെ മകൻ റിയാസ് പറയുന്നു. സംഭവമറിഞ്ഞ ഉടൻ പൊതുമരാമത്ത് അധികൃതർ വാഹനം കണ്ടെത്തണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതിനൽകി. കഴിഞ്ഞ വെള്ളിയാഴ്ച തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽനിന്ന് എസ്‌ഐ.യുടെ വിളിവന്നു. റോഡിന് നാശനഷ്ടമുണ്ടാക്കിയതിന് പി.ഡബ്ല്യു.ഡി. അധികൃതരുടെ പരാതി ലഭിച്ചെന്നും പിഴയടക്കണമെന്നും നിർദേശിച്ചു.
തിരുവമ്പാടി പി.ഡബ്ല്യു.ഡി. സെക്ഷൻ ഓഫീസിലെത്തിയപ്പോഴാണ് റോഡിന് നാശനഷ്ടമുണ്ടായ വകയിൽ നഷ്ടപരിഹാരമായി 22,000 രൂപയും 4,000 രൂപ ജി.എസ്.ടി.യും ഉൾപ്പെടെ 26,000 രൂപ പിഴ അടയ്ക്കണമെന്നാണ് നിർദേശമെന്ന് റിയാസ് പറഞ്ഞു. വാഹനം താഴ്ന്നഭാഗത്ത് പി.ഡബ്ല്യ.ഡി.ക്ക് കാര്യമായ നഷ്ടം സംഭവിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ പിഴയടയ്ക്കാൻ കഴിയില്ലെന്നുപറഞ്ഞു തിരികെപ്പോന്നു. പൊതുമരാമത്ത് അധികൃതർക്കെതിരേ നിയമനടപടി കൈക്കൊള്ളാനുള്ള തീരുമാനത്തിലാണിവർ. പി.ഡബ്ല്യു.ഡി. എ.ഇ.യുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ടിപ്പറുടമയെ വിളിച്ചുവരുത്തിയതെന്നും കേസെടുത്തിട്ടില്ലെന്നും എസ്‌ഐ. കെ.ആർ. ഗീരീഷ് പറഞ്ഞു.



