കോട്ടയം: പൊറോട്ടയ്ക്ക് സൗജന്യമായി കറി നൽകിയില്ല എന്നാരോപിച്ച് ഹോട്ടൽ ജീവനക്കാരനായ അതിഥി തൊഴിലാളിയുടെ തല അടിച്ചു പൊട്ടിച്ചു. കോട്ടയം ചങ്ങനാശേരി റോഡിൽ പ്രവർത്തിക്കുന്ന ബിസ്മി ഫാസ്റ്റ് ഫുഡിലെ തൊഴിലാളിക്കാണ് മർദ്ദനമേറ്റത്. ഞായറാഴ്‌ച്ച രാത്രി ഒൻപതരയോടെയാണ് സംഭവം നടന്നത്. പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു.

ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കുന്നതിനായി എത്തിയ മൂന്നംഗ സംഘം പൊറോട്ട ഓർഡർ ചെയ്തു. എന്നാൽ, പൊറോട്ട കൊണ്ടുവച്ചതിന് പിന്നാലെ പൊറോട്ടയ്ക്കൊപ്പം കറി സൗജന്യമായി വേണമെന്ന് ഇവർ ആവശ്യപ്പെട്ടു. തുടർന്നുണ്ടായ തർക്കത്തിനിടെ സംഘം സപ്ലൈയറെ ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റയാളെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആക്രമണത്തിൽ തൊഴിലാളിയുടെ തലയ്ക്ക് സാരമായ പരുക്കേറ്റു.