തിരുവനന്തപുരം : കോടതി സംരക്ഷണ ഉത്തരവ് നൽകിയതിന്റെ അടുത്ത ദിവസം വർക്കല അയിരൂരിൽ സ്വത്തിന് വേണ്ടിയുള്ള കുടുംബ വഴക്കിനെ തുടർന്ന് വീട്ടമ്മയെ ഭർതൃസഹോദരന്മാർ വായിൽ തുണി തിരുകിയ ശേഷം കമ്പിപ്പാര കൊണ്ട് തലക്കടിച്ചും കൈ കാലുകളിൽ കുത്തിയും ഇരുമ്പുകമ്പി (പട്ട) കൊണ്ടു മർദ്ദിച്ചും ദാരുണമായി കൊലപ്പെടുത്തിയ അയിരൂർ ലീനാമണി കൊലക്കേസിൽ പൊലീസ് റിപ്പോർട്ട് ഹാജരാക്കാൻ തലസ്ഥാന ജില്ലാ കോടതി ഉത്തരവിട്ടു. നാലാം പ്രതിയായ ഭർതൃ സഹോദരന്റെ ഭാര്യ രഹീനയുടെ ജാമ്യ ഹർജിയിലാണ് തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയുത്തരവ്. പൊലീസ് റിപ്പോർട്ട് ഓഗസ്റ്റ് 9 ന് ഹാജരാക്കാൻ വർക്കല ഡിവൈഎസ്‌പിക്കാണ് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി പി.വി.ബാലകൃഷ്ണൻ നിർദ്ദേശം നൽകിയത്. ജൂലൈ 17 മുതൽ കോടതി രഹീനയെ അട്ടക്കുളങ്ങര വനിതാ ജയിലിൽ റിമാന്റിൽ പാർപ്പിച്ചിരിക്കുകയാണ്. ഭർതൃസഹോദരങ്ങളായ ഷാജി, അബ്ദുൾ അഹദ് , മുഹസിൻ , നാലാം പ്രതിയും മുഖ്യപ്രതി അഹദിന്റെ ഭാര്യയുമായ രഹീന എന്നിവരാണ് കേസിലെ പ്രതികൾ.

2023 ജൂലൈ 16 നാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. അയിരൂർ കളത്തറ എം.എസ്. വില്ലയിൽ ലീന മണി (56) ആണ് കൊല ചെയ്യപ്പെട്ടത്. തടയാൻ ശ്രമിച്ച ലീനാമണിയുടെ സഹായി സരസമ്മയ്ക്കും പരിക്കേറ്റു.

ബന്ധുക്കളിൽനിന്നു സ്ഥിരമായി ഉപദ്രവമുണ്ടായതോടെ ലീനാമണി കോടതിയെ സമീപിച്ച് സംരക്ഷണ ഉത്തരവ് നേടിയിരുന്നു. ജൂലൈ 15 ശനിയാഴ്ച സംരക്ഷണ ഉത്തരവുമായി പൊലീസ് ഇവരുടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് ഞായറാഴ്ച രാവിലെയാണ് ഭർതൃസഹോദരന്മാരായ അഹദ്, മുഹ്സിൻ, ഷാജി എന്നിവർ വീട്ടിലെത്തി ലീനാമണിയെ ആക്രമിച്ചത്. അക്രമികൾ രക്ഷപ്പെട്ട ശേഷം നാട്ടുകാരുടെ സഹായത്തോടെയാണ് ഇരുവരെയും വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആംബുലൻസിൽ കയറ്റുമ്പോൾ ജീവന്റെ തുടിപ്പ് ശേഷിച്ചിരുന്നതായി ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ലീനയുടെ ഭർത്താവിന്റെ സഹോദരങ്ങൾ ലീനയുടെ വായിൽ തുണി തിരുകിയ ശേഷം കമ്പിപ്പാരകൊണ്ട് കുത്തിയും തലക്കടിച്ചും ഇരുമ്പ് പട്ട കൊണ്ട് മർദ്ദിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. ഭർതൃസഹോദരങ്ങളായ ഷാജി, അഹദ്, മുഹസിൻ എന്നിവരാണു പ്രതികൾ. കൃത്യത്തിന് ശേഷം ഒളിവിൽ പോയ ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ലീലാ മണിയുടെ ഭർത്താവ് ഒന്നര വർഷം മുൻപ് മരിച്ചു. അന്നു മുതൽ അദ്ദേഹത്തിന്റെ സ്വത്തുക്കൾ കൈവശപ്പെടുത്താൻ ഭർതൃസഹോദരങ്ങൾ ശ്രമിക്കുന്നു എന്നു കാണിച്ച് ലീനാ മണി പൊലീസിലും കോടതിയിലും പരാതി നൽകി. കോടതി ഇവർക്കു ഗാർഹിക പീഡനത്തിൽ നിന്നും സംരക്ഷണവും അനുവദിച്ചു. അതിനിടെ ആഹദും കുടുംബവും ലീനാ മണിയുടെ വീട്ടിൽ താമസത്തിനെത്തി. സ്വത്തിനെ ചൊല്ലി കൊലക്ക് തലേന്ന് രാത്രിയും തർക്കമുണ്ടായി. ആക്രമണമുണ്ടായതും ലീനാ മണി കൊല്ലപ്പെട്ടതും16 ന് പുലർച്ചെയാണ്. തുടർന്ന് മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളെജിലേക്കു മാറ്റി.

2023 ജൂലൈ 23 ന് ഒളിവിലായിരുന്ന മൂന്നാം പ്രതി അബ്ദുൾ അഹദും കീഴടങ്ങി: തെളിവെടുപ്പിനിടെ കൂസലില്ലാതെയാണ് പ്രതികൾ പ്രതികരിച്ചത്. മർദ്ദിക്കാനുപയോഗിച്ച ഇരുമ്പ് കമ്പി വാട്ടർ ടാങ്കിൽ ഒളിപ്പിച്ച ശേഷമാണ് പ്രതികൾ കൃത്യവീട്ടിൽ നിന്നും ഒളിവിൽ പോയത്. വെള്ളം വറ്റിച്ച ശേഷം, ടാങ്കിലിറങ്ങി ആയുധം പുറത്തെടുത്ത് പൊലീസിന് മുന്നിൽ ഹാജരാക്കിയത് പ്രതി അബ്ദുൾ അഹദ് ആയിരുന്നു.

നാലാം പ്രതിയും മുഖ്യപ്രതിയുടെ ഭാര്യയുമായ രഹീനയെ ആണ് ആദ്യം പൊലീസ് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യംചെയ്യലിന്റെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് രഹീനയെ കേസിൽ പ്രതിചേർത്തത്. തുടർന്ന് 17 ന് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ലീനാമണിക്ക് സംരക്ഷണം നൽകാൻ കോടതി ഉത്തരവ് നിലനിൽക്കെയാണ് ഭർതൃസഹോദരന്മാർ ഇരുമ്ബുകമ്ബി ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. ലീനാമണിയുടെ ഭർത്താവ് സിയാദ് (ഷൈൻ) ഒന്നര വർഷം മുൻപ് മരിച്ചിരുന്നു. ഭർത്താവിന്റെ മരണത്തോടെ അവരുടെ വസ്തുക്കളിൽ സഹോദരങ്ങൾ അവകാശവാദം ഉന്നയിക്കുന്നുണ്ടായിരുന്നു. രണ്ടുമാസം മുൻപ് സിയാദിന്റെ സഹോദരന്മാരിൽ ഒരാളായ അഹദും കുടുംബവും കൂടി ഇവരുടെ വീട്ടിൽ താമസമാക്കിയെന്നാണ് പരാതി. ഇതിന്റെ പേരിൽ പൊലീസ് സ്റ്റേഷനിൽ പരാതിയും കൊടുത്തിരുന്നു.

സരസമ്മയുടെ പരിക്കുകൾ സാരമുള്ളതല്ല. ലീനാമണിയുടെ ശരീരത്തിൽ ഇരുമ്ബു പട്ട ഉപയോഗിച്ച് ആക്രമിച്ചതിന്റെ പാടുകൾ ഉള്ളതായും കാലിനാണ് കാര്യമായ പരിക്കേറ്റതെന്നും പൊലീസും സ്ഥിരീകരിച്ചു. അതിനിടെ, കോടതിയുടെ സുരക്ഷാ ഉത്തരവ് നിലവിലുണ്ടായിട്ടും വീട്ടമ്മ കൊല്ലപ്പെട്ടത് പൊലീസിന്റെ വീഴ്ചയാണെന്ന് ലീനാമണിയുടെ ബന്ധുക്കൾ ആരോപിച്ചു.

ലീനാമണിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം വർക്കല വെട്ടൂർ റാത്തിക്കലുള്ള കുടുംബവീട്ടിൽ എത്തിച്ചു. പൊതുദർശനത്തിനുശേഷം താഴെവെട്ടൂർ വലിയ പള്ളിയിൽ കബറടക്കി.