ഹരിപ്പാട്: പതിവു പോലെ പ്രഭാത സവാരിക്കു പോയ സ്ത്രീയെ വീടിനു സമീപത്തെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടുവേനി സജീവ് ഭവനത്തിൽ ഗോപാലകൃഷ്ണന്റെ ഭാര്യ തങ്കമണിയാണ്(63) മരിച്ചത്. പൂ പറിക്കുന്നതിനിടെ ഓടയിലേക്ക് തെന്നി വീണതാണെന്നാണ് പ്രാഥമിക നിഗമനം. പതിവുപോലെ ക്ഷേത്രത്തിൽ നൽകാൻ വഴിയോരത്തെ വീട്ടുവളപ്പിൽ നിന്നു പൂക്കൾ പറിച്ചെടുക്കുമ്പോൾ കൽവഴുതി ഓടയിലേക്ക് വീണതാകാമെന്നു പൊലീസ് പറഞ്ഞു. ഓടയിൽ രണ്ടടിയിലേറെ വെള്ളമുണ്ട്. ഇതിലേക്കു വീണ ഇവരുടെ ദേഹത്തേക്ക് ഓടയുടെ കോൺക്രീറ്റ് പാളി അടർന്നു വീണിരുന്നു. ഇതോടെ എഴുന്നേൽക്കാനും സാധിച്ചില്ല.

എന്നും അതിരാവിലെ നടക്കാൻ പോകുന്ന പതിവ് തങ്കമണിക്കുണ്ട്. തിരിച്ചുവരുമ്പോൾ പൂക്കൾ പറിച്ചു കൊണ്ടുവന്നു ക്ഷേത്രത്തിൽ കൊടുക്കാറുണ്ട്. ഇന്നലെ രാവിലെ ഏറെ സമയം കഴിഞ്ഞിട്ടും ഇവരെ കാണാതായതോടെ വീട്ടുകാർ അന്വേഷണം തുടങ്ങി. തുടർന്നു പൊലീസിൽ വിവരമറിയിച്ചു. തങ്കമണിയുടെ ചെരിപ്പും ടോർച്ചും ഓടയുടെ സമീപത്തു കണ്ടെത്തി. പൊലീസും അഗ്‌നിരക്ഷാ സേനയും ചേർന്നു മണ്ണുമാന്തിയുടെ സഹായത്തോടെ ഓടയുടെ കോൺക്രീറ്റ് പാളികൾ മാറ്റിയപ്പോൾ താഴെ വെള്ളത്തിൽ വീണു കിടന്ന പാളിക്കടിയിൽ നിന്ന് ഒരു കൈ മാത്രം പുറത്തു കണ്ടു. ഈ പാളിയും നീക്കിയ ശേഷമാണു മൃതദേഹം പുറത്തെടുത്തത്.

മുങ്ങി മരണമെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. ധരിച്ചിരുന്ന ആഭരണങ്ങൾ ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. സംസ്‌കാരം ഇന്ന് രണ്ട് മണിക്ക്. മക്കൾ: സജീവ്, സജിനി. മരുമക്കൾ: മധു, മീര.