കൊല്ലം: മീൻപിടിത്തത്തിനിടെ വല കാലിൽ കുരുങ്ങി കടലിലേക്കു വീണ മത്സ്യത്തൊഴിലാളി മരിച്ചു. നീണ്ടകര പുത്തൻതുറ പന്നയ്ക്കൽത്തുരുത്ത് എം.എസ്.നിവാസിൽ ശൈലജനാണ് (58) മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. അഭിമന്യു എന്ന വള്ളത്തിൽ രാവിലെ കടലിൽ പോയതാണ് ശൈലജൻ അടങ്ങുന്ന സംഘം. റിങ് വല കടലിലേക്ക് ഇട്ടുകൊണ്ടിരിക്കുന്നതിനിടെ വല കാലിൽ കുരുങ്ങി വെള്ളത്തിൽ വീഴുകയായിരുന്നെന്ന് കൂടെയുണ്ടായിരുന്ന തൊഴിലാളികൾ പറഞ്ഞു. ഒപ്പമുണ്ടായിരുന്നവർ ചാടി ശൈലജനെ കടലിൽനിന്ന് വള്ളത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കരയിൽ കൊണ്ടുവന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചശേഷം മേൽനടപടികൾ സ്വീകരിച്ചു. നേരത്തേ ബോട്ടിൽ മീൻപിടിക്കാൻ പോയിരുന്ന ശൈലജൻ 10 വർഷമായി ഇടത്തരം വള്ളത്തിലാണ് മീൻപിടിത്തത്തിനു പോകുന്നത്. മിനിയാണ് ശൈലജന്റെ ഭാര്യ. മക്കൾ: മിനിഷ, രേഷ്മ. മരുമക്കൾ: ഷാൻ, അജു. സഞ്ചയനം 13-ന് രാവിലെ.