ഗുരുവായൂർ: ക്ഷേത്രം കിഴക്കേനടയിലെ പ്രധാന വരിപ്പന്തലിന്റെ സൗകര്യം വർധിപ്പിച്ചു. പന്തലിന്റെ വടക്കേ അറ്റത്ത് സ്റ്റീൽ വരികൾ മൂന്നെണ്ണം കൂടി സ്ഥാപിച്ചു. ഇതിൽ 300 പേർക്ക് നിൽക്കാം. ഇതോടെ ഒരേ സമയം ക്യൂപന്തലിൽ മൊത്തം 1600 പേർക്ക് നിൽക്കാവുന്ന സൗകര്യമായി. സ്റ്റീൽ വരികൾ 13 എണ്ണമായിരുന്നു ഇതുവരെ. ഓരോന്നിലും നൂറുപേർക്ക് നിൽക്കാനാണ് സൗകര്യം. വരിപ്പന്തലിന്റെ വിപുലീകരണവും അനുബന്ധ നിർമ്മാണ പദ്ധതികളും കുംഭകോണം ഗുരുവായൂരപ്പ ഭക്തസേവാ സംഘത്തിന്റെ വഴിപാടാണ്.

സമർപ്പണം ചൊവ്വാഴ്ച രാവിലെ പത്തിന് നടക്കും. പുതുതായി നിർമ്മിച്ച ഭാഗത്ത് ഭക്തർക്ക് ഇരിപ്പിടങ്ങൾ വരും. ശബരിമല സീസണിൽ അയ്യപ്പന്മാർക്കുള്ള പ്രത്യേക വരിയായിട്ടാണ് ഉദ്ദേശിച്ചിട്ടുള്ളതെങ്കിലും തിരക്കുള്ള ദിവസങ്ങളിൽ ഇതുപയോഗിക്കും. വരിപ്പന്തൽ വൈജയന്തി കെട്ടിടംവരെ നീട്ടുകയും ചെയ്തിട്ടുണ്ട്. ഗ്രാനൈറ്റ് വിരിക്കുകയും മേൽക്കൂരയിൽ ഷീറ്റിടുകയും ചെയ്തു. തൊട്ടടുത്ത് മുലയൂട്ടൽകേന്ദ്രവും പണിതു. മൊത്തം 40 ലക്ഷം രൂപയുടെ പദ്ധതിയാണ്.