കാസർകോട്: രാത്രികാലങ്ങളിൽ റോഡരികിൽ നിർത്തിയിടുന്ന ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ നിന്ന് ബാറ്ററികൾ കവരുന്ന സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ. നായന്മാർമൂല മിനി സ്റ്റേഡിയത്തിനടുത്തെ എൻ.എ.മിർഷാദ് അലി (36), റഹ്‌മാനിയ്യ നഗർ റുഖിയ മൻസിലിലെ ടി.എ.മുഹമ്മദ് ജഷീർ (33) എന്നിവരെയാണ് ഇൻസ്‌പെക്ടർ പി.അജിത്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

വിദ്യാനഗർ ഭാഗത്ത് ദേശീയപാതയോരത്ത് നിർത്തിയിടുന്ന ഒട്ടേറെ ലോറികളിൽ നിന്നു ബാറ്ററികൾ മോഷണം പോയതായി കാസർകോട് പൊലീസിന് പരാതി ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് നിരീക്ഷിക്കുകയായിരുന്നു. അതിനിടെയാണ് രണ്ടുപേർ പിടിയിലായത്. പത്തോളം ലോറികളിൽ നിന്ന് ബാറ്ററികൾ മോഷ്ടിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം. സംഘത്തിൽ കൂടുതൽ പേർ ഉണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്.