- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജസ്റ്റീസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർ പെഴ്സണായി നിയമിക്കാനുള്ള മന്ത്രിസഭാ ശുപാർശ തള്ളണം; ഗവർണർക്ക് കത്ത് നൽകി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഭരണകൂടത്തെ സംരക്ഷിക്കുന്നതിനായി മനുഷ്യാവകാശ സങ്കല്പങ്ങൾക്ക് വിപരീതമായ തരത്തിലുള്ള വിധിന്യായങ്ങൾ പുറപ്പെടുവിച്ചിട്ടുള്ള ജസ്റ്റീസ് മണികുമാറിനെ മനുഷ്യാവകാശകമ്മീഷൻ ചെയർ പെഴ്‌സൺ ആയി നിയമിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ ശുപാർശ സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഗവർണർക്ക് കത്ത് നൽകി.
2018 ലെ മഹാപ്രളയം ഭരണകൂടത്തിന്റെ വീഴ്ച കൊണ്ടു സംഭവിച്ചതും മനുഷ്യനിർമ്മിതവുമായിരുന്നു അന്ന് കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റീസായിരുന്ന ജസ്റ്റീസ് ഋഷികേശ് റോയിയും ജസ്റ്റീസ് ജയശങ്കരൻ നമ്പ്യാറും ഇത് സംബന്ധിച്ച പൊതു താത്പര്യ ഹർജികളിന്മൽ സുവോമോട്ടോ നടപടി സ്വീകരിക്കുകയുണ്ടായി.
സംസ്ഥാനത്തെ പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ ഭരണകൂടത്തിന് സംഭവിച്ച വീഴ്ച കണ്ടെത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചു. എന്നാൽ തുടർന്നു വന്ന ചീഫ് ജസ്റ്റീസ് ഇത് സംബന്ധിച്ച റിപ്പോർട്ടിന്മേൽ ഒരു നടപടിയും സ്വീകരിച്ചില്ല. കോവിഡ് കാലത്ത് പൗരന്മാരുടെ വിലപ്പെട്ട ഡാറ്റ സ്പ്രിംഗളർ കമ്പനിക്ക് മറിച്ചു കൊടുത്ത സംഭവത്തിലും ജസ്റ്റീസ് മണികുമാർ നടപടി സ്വീകരിക്കാൻ വിസമ്മതിച്ചു. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിയമസഭയിൽ വച്ച റിപ്പോർട്ട് ഹൈക്കോടതിക്ക് സമർപ്പിക്കുകയും പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതാണ്.
ഈ രണ്ടു കേസുകളിലും മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുകയാണ് ചെയ്തത്. മാത്രമല്ല സർക്കാരിനെതിരായി വന്ന നിരവധി അഴിമതി കേസുകളിലും തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകുകയാണ് അദ്ദേഹം ചെയ്തത്. ഇക്കാരണങ്ങളാൽ ജസ്റ്റീസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർപേർസൺ ആയി നിയമിക്കാനുള്ള മന്ത്രിസഭയുടെ തീരുമാനം മനുഷ്യാവകാശ സങ്കല്പങ്ങൾക്ക് വിരുദ്ധമാണ്. ആ ശുപാർശ സ്വീകരിക്കരുതെന്ന് രമേശ് ചെന്നിത്തല ഗവർണറോട് അഭ്യർത്ഥിച്ചു.
മാത്രമല്ല, മനുഷ്യാവകാശ സംരക്ഷണ നിയമം സെക്ഷൻ 4 അനുസരിച്ച് സർക്കാരിന്റെ ശുപാർശ സ്വീകരിക്കാൻ ഗവർണർ ബാദ്ധ്യസ്ഥനുമല്ല. ശുപാർശ തള്ളുന്നത് ഗവർണറുടെ അധികാരപരിധിയിലുള്ള കാര്യവുമാണെന്ന് രമേശ് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.




