മലപ്പുറം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ചാണ്ടി ഉമ്മന് വിജയാശംസകൾ നേർന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഉമ്മൻ ചാണ്ടിയില്ലാത്ത പുതുപ്പള്ളിക്കാർക്ക് ചാണ്ടി ഉമ്മനോളം പാകമാകുന്ന മറ്റൊരാളില്ലെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

പുതുപ്പള്ളിയിൽ യു.ഡി.എഫ്. ചരിത്ര വിജയം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉമ്മൻ ചാണ്ടിയെന്ന മഹാപ്രതിഭാസം തെളിച്ച വഴികളിലൂടെ അപ്പയുടെ ഗുണഗണങ്ങൾ പേറുന്ന പുത്രന് പുതുപ്പള്ളിയുടെ സ്പന്ദനങ്ങളറിഞ്ഞു പ്രവർത്തിക്കാൻ സാധിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെത്തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിനാണ് നടക്കുക. സെപ്റ്റംബർ എട്ടിന് വോട്ടെണ്ണും. തിരഞ്ഞെടുപ്പ് തീയതി പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിലാണ് കോൺഗ്രസ് തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.