മലപ്പുറം: നിലമ്പൂരിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. എടക്കര വെള്ളാരംകുന്ന് തെക്കര തൊടിയിൽ 26 വയസ്സുള്ള നിഷാദിൽ നിന്ന് 20.235 ഗ്രാം മയക്കുമരുന്ന് ഇനത്തിൽപ്പെട്ട മെത്താഫിറ്റമിനാണ് പിടിച്ചെടുത്തത്. ഓണം പ്രത്യേക കർമ്മ പദ്ധതിയുടെ ഭാഗമായി നിലമ്പൂർ എക്‌സൈസ് സർക്കിൾ ഓഫീസും കാളികാവ് എക്‌സൈസ് റെയ്ഞ്ച് ഓഫീസും നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ്.

ഓണം പ്രത്യേക കർമ്മ പദ്ധതിയുടെ ഭാഗമായി നിലമ്പൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കൂടി പട്രോളിങ് നടത്തി, എടക്കര പാലത്തിന് സമീപം കലക്കൻ പുഴയുടെ ഓരം ചാരി ഇല്ലിക്കാട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്ക് വേണ്ടി കൈവശം വച്ച മയക്കുമരുന്ന് പിടിച്ചെടുത്തത്. എടക്കര പൊലീസ് ഇൻസ്‌പെക്ടർ എൻ ബി ഷൈജുവിന്റെ സാന്നിദ്ധ്യത്തിൽ പ്രതിയെ പരിശോധിച്ചാണ് കൂടുതൽ തൊണ്ടിമുതൽ കണ്ടെടുത്തത്.

തുടർന്ന് നടപടികൾ പൂർത്തിയാക്കി പ്രതിയെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എആർ രതീഷ് അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധന നടത്തിയ ശേഷം പ്രതിയെ നിലമ്പൂർ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കണ്ടെടുത്ത മെത്താഫിറ്റമിനും രേഖകളും നിലമ്പൂർ റെയ്ഞ്ച് ഓഫീസിൽ ഹാജരാക്കി.

സംയുക്ത പരിശോധനയിൽ കാളികാവ് റെയ്ഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ടി ഷിജുമോൻ, പ്രിവന്റീവ് ഓഫീസർമാരായ ആർപി സുരേഷ് ബാബു, പികെ പ്രശാന്ത്, എംഎൻ. രഞ്ജിത്ത്, സിഇഒ -മാരായ സതീഷ് ടികെ, ഇ അഖിൽ ദാസ് , ലിജിൻ വി, വിപിൻ കെ വി, എം സുനിൽകുമാർ, ടി അമിത്, മുഹമ്മദ് അഫ്‌സൽ, മുഹമ്മദ് ഷെരീഫ്, WCEO എകെ നിമിഷ ഡ്രൈവർ പ്രദീപ് എന്നിവരും ഉണ്ടായിരുന്നു.