കണ്ണൂർ: കണ്ണവം തൊടീക്കളത്തെ സി.പി. എം പ്രവർത്തകനും ദേശാഭിമാനി പത്ര ഏജന്റുമായിരുന്ന ഗണപതിയോടൻ പവിത്രനെ പത്രവിതരണത്തിനിടെ വെട്ടിക്കൊന്ന കേസിൽ പ്രതിയായ ആർ. എസ്. എസ് പ്രവർത്തകനെ സംഭവം നടന്നു പതിനാല് വർഷത്തിനു ശേഷം ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം പാനൂരിൽ അറസ്റ്റു ചെയ്തു. പാനൂർ കുറ്റ്യേരിയിലെ സുബിനെന്ന(40) ജിത്തുവിനെയാണ് പാനൂർ ടൗണിൽ നിന്നും പിടികൂടിയത്.

നേരത്തെ ഈ കേസിൽ ആറുപേരെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. വാളാങ്കിച്ചാൽ മോഹനൻ വധക്കേസിൽ പിടികൂടിയ ചെമ്പ്രയിലെ കുപ്പി സുബി നൽകിയ മൊഴിയെ തുടർന്നാണ് കേസിൽ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തിയത്. തലശേരി, പാനൂർ ഭാഗങ്ങളിലെ ആർ. എസ്. എസ് പ്രവർത്തകരാണ് പവിത്രനെ കൊന്നതെന്നായിരുന്നു മൊഴി. അന്ന് വാഹനമോടിച്ചത് താനായിരുന്നുവെന്നും സുബീഷ് മൊഴി നൽകിയിട്ടുണ്ട്. ഇതേ തുടർന്ന് ഇയാളെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

പാനൂരിലെ സി.പി. എം പ്രവർത്തകൻ താഴെയിൽ അഷ്റഫിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടു ജീവപര്യന്തം തടവിൽ കഴിയുന്നതിനിടെയാണ് ജിത്തുവിന്റെ അറസ്റ്റ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും എസ്. പി പി.വിക്രമൻ രേഖപ്പെടുത്തിയത്. പ്രതിയെ കഴിഞ്ഞ ദിവസം കൃത്യം നടന്ന തൊടീക്കളത്തു എത്തിച്ചു തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. കേസിൽ ഉടൻ രണ്ടാമത്തെ കുറ്റപത്രം സമർപ്പിക്കും.