- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടലിൽ മീൻ പിടിക്കാൻ പോയ ചെറുവള്ളം മറിഞ്ഞു; ഒരു മരണം
പയ്യന്നൂർ: മീൻപിടിക്കാൻ പോയ ചെറുതോണി കടലിൽ മറിഞ്ഞ് ഒരാൾ മരിച്ചു. എട്ടിക്കുളം ബീച്ചിലെ കുന്നുൽ അബ്ദുൾ റഷീദ് (47) ആണ് മരിച്ചത്. റഷീദിനൊപ്പം തോണിയിലുണ്ടായിരുന്ന സഹോദരൻ കക്കമ്പാറയിലെ ഹാഷിമും സുഹൃത്ത് എട്ടിക്കുളത്തെ എ.വി.നാസറും നീന്തിരക്ഷപ്പെട്ടു. വലിയപറമ്പ് പഞ്ചായത്തിന്റെ തെക്കേ അറ്റത്തുമുള്ള തയ്യിൽ ഭാഗത്ത് കടലിൽ തിരയിൽപ്പെട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ഹാഷിമും നാസറും നീന്തിരക്ഷപ്പെട്ട് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഓടിയെത്തിയവരാണ് അവശനിലയിലായ റഷീദിനെ കരയ്‌ക്കെത്തിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് റഷീദുൾപ്പെടെയുള്ളവർ കടലിൽപോയത്. റഷീദിനെ കടത്തുതോണിയിൽ രാമന്തളി കടവിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അപകടവിവരമറിഞ്ഞ് കോസ്റ്റൽ പൊലീസും സംഭവസ്ഥലത്തെത്തി. പരേതനായ ഖാദറിന്റെയും ഖദീസുമ്മയുടെയും മകനാണ്. മക്കൾ: റാസി, റിസ ഫാത്തിമ. മറ്റു സഹോദരങ്ങൾ: സമീർ, ശഫീഖ്, ബഷീർ, സമീറ.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്ച ഉച്ചയ്ക്ക് 12-ന് എട്ടിക്കുളം ജുമാമസ്ജിദ് കബറിസ്താനിൽ കബറടക്കും.



