തിരുവനന്തപുരം: അഭിഭാഷകർ തമ്മിൽ സംസാരിക്കുന്നതിന്റെ വിഡിയോ എടുത്തുവെന്ന് ആരോപിച്ചു പൊലീസുകാരെ കോടതിയിൽ തടഞ്ഞു വച്ചു. നെയ്യാറ്റിൻകര കോടതി വളപ്പിലാണ് സംഭവം. പൊലീസും അഭിഭാഷകരും തമ്മിലുള്ള വാക്കേറ്റം ഏറ്റുമുട്ടലിന്റെ വക്കോളമെത്തിയതോടെ ജില്ലാ ജഡ്ജിയുടെ ഇടപെടലിനെത്തുടർന്ന് പ്രശ്‌നം പരിഹരിച്ചു.

വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകന്റെ സ്‌കൂട്ടറിന്റെ താക്കോൽ അഭിഭാഷകർ ഊരിയെടുത്തത് പ്രതിഷേധത്തിനിടയാക്കി. പിന്നീട് ബാർ അസോസിയേഷൻ ഇടപെട്ട് താക്കോൽ തിരികെ നൽകി. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ജഡ്ജി, 2ാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഡിയോ എടുത്തതായി ആരോപണമുയർന്ന പൊലീസുകാർക്ക് മെമോയും നൽകി.

അഭിഭാഷകരും പൊലീസും തമ്മിലുള്ള ഒരു കേസിൽ ഹാജരാകാനെത്തിയ കൊല്ലം സ്വദേശിയായ അഭിഭാഷകനും വാദിഭാഗം അഭിഭാഷകനും തമ്മിൽ സംസാരിക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് മൊബൈലിൽ പകർത്തിയത്.