കൊല്ലം: പത്തനാപുരത്ത് യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. എടത്തറ സ്വദേശി സന്തോഷ് ആണ് അറസ്റ്റിലായത്.

മാങ്കോട് സ്വദേശിയായ ഇയാളുടെ ഭാര്യ ശോഭ ഒന്നരവർഷമായി ഇയാളിൽ നിന്ന് അകന്നു കഴിയുകയായിരുന്നു. വീടിന് സമീപത്തുള്ള പറമ്പിൽ പുല്ലു വെട്ടുകയായിരുന്ന ശോഭയുടെ നേർക്കാണ് സന്തോഷ് ആക്രമണം നടത്തിയത്. ശോഭയുടെ നിലവിളി കേട്ട് എത്തിയ അയൽവാസി മധുവിനെ ടാപ്പിംഗിന് ഉപയോഗിക്കുന്ന കത്തികൊണ്ട് സന്തോഷ് കുത്തിവീഴ്‌ത്തുകയും ചെയ്തു.

സംശയമാണ് ആക്രമണത്തിലേക്ക് നയിച്ചത്. ടാപ്പിങ് തൊഴിലാളിയായ ഇയാൾ റബർഷീറ്റിന് ഉറയൊഴിക്കുന്ന ആസിഡ് ഉപയോഗിച്ചാണ് കൃത്യം നിർവഹിച്ചതെന്നും പൊലീസ് അറിയിച്ചു. മുഖത്തും കൈയ്ക്കും സാരമായി പൊള്ളലേറ്റ ശോഭ പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.