പാലക്കാട്: നെന്മാറ വിത്തനശ്ശേരിയിൽ ദമ്പതികൾ യാത്രചെയ്യവെ ഇലക്ട്രിക് സ്‌കൂട്ടർ കത്തി നശിച്ചു. ആളപായമില്ല. കിണാശ്ശേരി ആനപ്പുറം സ്വദേശി എം.നിയാസ്, ഭാര്യ എ.ഹസീന എന്നിവർ യാത്രചെയ്യുന്നതിനിടെയാണ് ഇലക്ട്രിക് സ്‌കൂട്ടർ കത്തിയത്. രാവിലെ 10 മണിയോടെ വിത്തനശ്ശേരിയിൽ വച്ചാണ് അപകടം. നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരികയായിരുന്നു ഇവർ.

വിത്തനശ്ശേരിയിൽ എത്തിയപ്പോൾ സ്‌കൂട്ടറിൽ നിന്ന് പുക ഉയർന്നു. തുടർന്ന് സ്‌കൂട്ടർ നിർത്തി ഇരുവരും മാറിനിന്നു. സ്‌കൂട്ടറിലെ പെട്ടിക്കകത്ത് ആർസി ബുക്കും മറ്റു രേഖകളും ഉണ്ടായിരുന്നെങ്കിലും പൊട്ടിത്തെറിക്കും എന്ന ഭയത്താൽ എടുക്കാൻ ശ്രമിച്ചില്ല.

വിവരമറിഞ്ഞ് നെന്മാറ പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. കൊല്ലങ്കോട് അഗ്‌നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കി. സ്‌കൂട്ടർ പൂർണമായും കത്തിനശിച്ചു. തീ അണയും വരെ പൊട്ടലും ചീറ്റലും ഉണ്ടായത് സ്ഥലത്ത് ഭീതി പരത്തി. നെന്മാറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.