കോഴിക്കോട്: കൂമ്പാറയിൽ എംഡിഎംഎ വിൽപനയ്ക്കിടെ ടിപ്പർ ലോറി ഡ്രൈവർ പൊലീസിന്റെ പിടിയിൽ. കൂമ്പാറ സ്വദേശി മംഗലശ്ശേരി ഷൗക്കത്തിനെയാണ് തിരുവമ്പാടി എസ്‌ഐ ഇ.കെ. രമ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കൂമ്പാറയിൽ മാതാ ക്രഷറിന്റെ സമീപത്തു നടന്ന വാഹന പരിശോധനയിലാണ് 1.99 ഗ്രാം എംഡിഎംഎയുമായി പ്രതിയെ പിടികൂടിയത്.

പിടിയിലായ ഷൗക്കത്ത് സ്‌കൂൾ കുട്ടികൾക്കടക്കം ലഹരിമരുന്നു നൽകിയതായി പൊലീസ് പറഞ്ഞു . ഇയാളുടെ ലോറിയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രദേശത്ത് സ്‌കൂളുകൾ കേന്ദ്രീകരിച്ചു വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വിൽപന വ്യാപകമാകുന്നുണ്ടെന്ന പരാതിയിൽ പൊലീസ് പരിശോധന കർശനമാക്കിയിരുന്നു.

രണ്ടാഴ്ച മുൻപു കള്ളിപ്പാറ സ്വദേശിയെ എംഡിഎംഎയുമായി അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി നടത്തിയ പരിശോധനയിലാണ് ഷൗക്കത്തിനെ പിടികൂടിയത്. എംഡിഎംഎ ചെറിയ പാക്കറ്റുകളിലാക്കി വിൽപന നടത്തുകയാണ് ഇയാളുടെ രീതി. വിൽപനയ്ക്കുള്ള ചെറിയ പാക്കറ്റുകളും വാഹനത്തിൽനിന്നു കണ്ടെടുത്തു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് എസ്‌ഐ വ്യക്തമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.