പത്തനംതിട്ട: സ്‌കൂട്ടറിൽ ടിപ്പർ ഇടിച്ച് സ്‌കൂൾ വിദ്യാർത്ഥിനിക്ക് ദാരണാന്ത്യം. അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറിൽ ട്യൂഷൻ സ്ഥാപനത്തിലേക്ക് പോകവെ അമിതവേഗത്തിലെത്തിയ ടിപ്പർ ലോറി ഇരുവരേയും ഇടിച്ചു തെറിപ്പിക്കുക ആയിരുന്നു. കൊടുമൺ അങ്ങാടിക്കൽ വടക്ക് പാലനിൽക്കുന്നതിൽ ജയ്‌സന്റെ മകൾ ജെസ്‌ന ജയ്‌സണാണ് (ജീന-15) മരിച്ചത്. സ്‌കൂട്ടറിൽനിന്നു തെറിച്ചുവീണ അമ്മ ഷീബയുടെ കൺമുൻപിൽ ആണു ജെസ്‌നയുടെമരണം സംഭവിച്ചത്. ഷീബ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പ്രമാടം നേതാജി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണു ജെസ്‌ന.

ഇന്നലെ രാവിലെ ഏഴുമണിയോടെ വള്ളിക്കോട് വകയാർ റോഡിൽ കൊച്ചാലുംമൂട് ജംക്ഷനിലാണ് അപകടം. അങ്ങാടിക്കൽ ഭാഗത്തു നിന്ന്‌കൊച്ചാലുംമൂട്ടിലെ ട്യൂഷൻ സ്ഥാപനത്തിലേക്കു പോകുകയായിരുന്നു ഇരുവരും. പാറമടയിൽനിന്നുള്ള ലോഡുമായി വള്ളിക്കോട് കോട്ടയം ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ ടിപ്പർ സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സ്‌കൂട്ടർ വഴിയോരത്തേക്കു തെറിച്ചുപോയി. പരുക്കേറ്റ ജെസ്‌നയെ ഉടൻ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സഹോദരി: ജസ്മി (നഴ്‌സിങ് വിദ്യാർത്ഥിനി).