തിരൂർ: ജയിലറും ഒമ്പത് വാർഡർമാരും ചേർന്ന് തന്നെ അതിക്രൂരമായി മർദ്ദിച്ചെന്ന് ജഡ്ജിയുടെ മുന്നിൽ തടവുകാരന്റെ വെളിപ്പെടുത്തൽ. ജയിലിന്റെ മോശം അവസ്ഥ സംബന്ധിച്ചു പരാതി നൽകിയതിനെ തുടർന്ന് ജയിലറും 9 വാർഡർമാരും ചേർന്ന് തന്നെ തിക്രൂരമായി മർദിച്ചതായാണ് പ്രതി കോടതിയിൽ പറഞ്ഞത്. തുടർന്ന് ഇയാളെ മൊഴി രേഖപ്പെടുത്തി വെദ്യപരിശോധനയ്ക്കയച്ചു. കാലിൽ ലാത്തികൊണ്ടു മർദിച്ചതായുള്ള അടയാളം ഉള്ളതായി ഡോക്ടറുടെ റിപ്പോർട്ട്.

തിരൂർ ഇരിങ്ങാവൂർ പടിക്കപറമ്പിൽ മുഹമ്മദ് ബഷീർ (40) ആണ് പരാതി നൽകിയത്. ജൂൺ 25ന് ആണു കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് മുഹമ്മദ് ബഷീറിനെ തവനൂർ സെൻട്രൽ ജയിലിലേക്കു മാറ്റിയത്. പരിശോധനയ്‌ക്കെത്തിയ ജയിൽ സൂപ്രണ്ട് തടവുകാരൻ ജയിൽ വസ്ത്രം ഉപയോഗിക്കാത്തതിനെ തുടർന്ന് ദേഷ്യപ്പെട്ടു. തുടർന്ന് തനിക്ക് ജയിൽ വസ്ത്രം ലഭിച്ചില്ലെന്നും ഇത്രയും ദാരിദ്ര്യമുള്ള ജയിൽ വേറെയുണ്ടാവില്ലെന്നും അറിയിച്ച് മുഹമ്മദ് ബഷീർ പരാതി നൽകി. ഇതോടെ ജയിലറും 9 വാർഡർമാരും സെല്ലിലെത്തി മർദ്ദിച്ചെന്നാണ് പരാതി.