തൃശൂർ: ഭാര്യാപിതാവിനെ ചാക്കിൽ കല്ലുകെട്ടി തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മരുമകനെ കുന്നംകുളം പൊലീസ് പിടികൂടി. കുന്നംകുളം കാണിയാമ്പാൽ സ്വദേശി തെക്കേക്കര വീട്ടിൽ വിൽസൺ മാത്യുവാണ് (55) പിടിയിലായത്. ഭാര്യയേയും ഭാര്യാ പിതാവിനെയും ക്രൂരമായി മർദ്ദിച്ച ഇയാളെ കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

പഴഞ്ഞി സെന്റ് തോമസ് റോഡിൽ താമസിക്കുന്ന പഴുന്നാൻ വീട്ടിൽ സൈമനെ(75)യാണ് പ്രതി ചാക്കിൽ കല്ലുകെട്ടി തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നിനാണ് സംഭവം. ിൽസൺ മാത്യുവിന്റെ ഭാര്യയും സൈമന്റെ മകളുമായ സ്വപ്നയെ വിൽസൺ മാത്യു മർദ്ദിക്കുന്നുണ്ടെന്ന് നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്നാണ് സൈമൺ സംഭവസ്ഥലത്ത് എത്തിയത്.

തുടർന്ന് സ്വപ്നയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ വാഹനത്തിൽ കയറ്റുന്നതിനിടെ സൈമനെ പ്രതി ചാക്കിൽ കല്ലുകെട്ടി അടിക്കുകയും സൈമന്റെ ഓട്ടോറിക്ഷ പ്രതി കല്ലുകൊണ്ട് അടിച്ച് തകർക്കുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തെ തുടർന്ന് സൈമൺ കുന്നംകുളം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുന്നംകുളം പൊലീസ് സ്റ്റേഷനിലെ മറ്റൊരു ക്രിമിനൽ കേസിലെയും പ്രതിയാണ് വിൽസൺ മാത്യു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.