തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടെ മുകളിൽ നിന്നും വലിയ കല്ല് ദേഹത്തേക്ക് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. പാലോട് മീന്മുട്ടി ആനകുളം ചന്ദ്ര വിലാസത്തിൽ സ്വദേശി ഗോപിനാഥൻ നായർ (79) ആണ് ദാരുണമായി മരിച്ചത്. ആനകുളം സ്വദേശി ഇന്ദിരയുടെ പുരയിടത്തിന്റെ അടിഭാഗത്ത് രാവിലെ ഈറ വെട്ടുകയായിരുന്നു തൊഴിലുറപ്പ് തൊഴിലാളികൾ.

ഇതിന് മുകളിലായി കൃഷി ആവശ്യത്തിന് ഹിറ്റാച്ചി യന്ത്രം ഉപയോഗിച്ച് പ്ലാറ്റ് ഫോം നിർമ്മിക്കുന്ന ജോലികൾ പുരോഗമിക്കുന്നതിനിടയിൽ ആണ് അപകടം. ഉച്ചയ്ക്ക് ഒരു മണിയോടെ കാപ്പി കുടിച്ച ശേഷം വീണ്ടും ഈറ വെട്ടാൻ തൊഴിലാളികൾ പോകുന്നതിനിടയിൽ മുകളിൽ നിന്നും വലിയ പാറ കല്ല് ഗോപിനാഥൻ നായരുടെ ശരീരത്തിൽ പതിക്കുകയായിരുന്നു.

ഒപ്പം ഉണ്ടായിരുന്നവരുടെ നിലവിളി കേട്ട് മറ്റ് തൊഴിൽ ഉറപ്പ് തൊഴിലാളികൾ ഓടിയെത്തി ഗോപിനാഥൻ നായരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. പാലോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.