പുല്ലാട്: യുവതിയെ വിവാഹവാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് നഗ്‌ന ഫോട്ടോകളും വീഡിയോയും എടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കോയിപ്രം കുറുങ്ങഴ പുല്ലാട് പള്ളിക്കൽ പുത്തൻ പുരയ്ക്കൽ വീട്ടിൽ ജോ വർഗീസ് (36) ആണ് യുവതിയുടെ പരാതിയിൽ കോയിപ്രം പൊലീസിന്റെ പിടിയിലായത്.

ഇയാൾ യുവതിയെ വിവാഹം ചെയ്യാമെന്ന് പറഞ്ഞ് പ്രലോഫിപ്പിച്ച ശേഷം സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും യുവതിയുമായി ബന്ധപ്പെട്ടവർക്ക് അയച്ചു നൽകുകയുമായിരുന്നു. കൂടാതെ യുവതിയെ ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കല്യാണം കഴിക്കാമെന്ന് പറഞ്ഞാണ് ജോവർഗീസ് പ്രലോഭിപ്പിച്ചത്. തുടർന്ന് ഇരുവരുമൊത്തുള്ള സ്വകാര്യഫോട്ടോകൾ എടുത്തു. സാമൂഹിക മാധ്യമങ്ങളിലൂടെ ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലപ്പോഴായി ഗൂഗിൾ പേ വഴി ഒരു ലക്ഷം രൂപ തട്ടിയെടുത്തു. ജോയുടെ ഫേസ്‌ബുക്ക് അക്കൗണ്ടിൽനിന്ന് മെസ്സഞ്ചർ വഴി ഇരുവരും ചേർന്നെടുത്ത ഫോട്ടോകൾ യുവതിയുടെ അമ്മയുടെ സുഹൃത്തിന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

കൂടാതെ, ഇരുവരും ഒരുമിച്ചുള്ള വീഡിയോകൾ യുവതി ജോലിചെയ്യുന്ന സ്ഥാപനവുമായി ബന്ധപ്പെട്ടവരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽകൂടി പ്രചരിപ്പിക്കുകയുംചെയ്തു. ഇയാളിൽനിന്ന് മൊബൈൽ ഫോൺ കണ്ടെടുത്ത് ശാസ്ത്രീയ പരിശോധനക്കയച്ചു. അന്വേഷണസംഘത്തിൽ ഡിവൈ.എസ്. പി.എസ്. അഷാദ്, പൊലീസ് ഇൻസ്പെക്ടർ സജീഷ് കുമാർ, എസ്‌ഐ. ഉണ്ണികൃഷ്ണൻ, സി.പി.ഒ. ആരോമൽ എന്നിവരാണുണ്ടായിരുന്നത്.