കാഞ്ഞങ്ങാട്: ശസ്ത്രക്രിയയിലെ പിഴവിനെത്തുടർന്നു വീട്ടമ്മയ്ക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട കേസിൽ ആരോഗ്യ വകുപ്പ് കോടതിയിൽ ഈടായി നൽകിയത് 15 വർഷം പഴക്കമുള്ള ജീപ്പ്. സബ് കോടതിയിൽ ഹാജരാക്കിയ ജീപ്പിന്റെ മൂല്യം നിർണയിച്ച് 21ന് മുൻപ് റിപ്പോർട്ട് നൽകാൻ കോടതി ഉത്തരവിട്ടു. ചെറുവത്തൂർ കടാങ്കോട്ടെ മല്ലക്കര കമലാക്ഷിയുടെ ഹർജിയിലാണ് വാഹനം ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്.

പരിശോധനയിൽ കേന്ദ്ര സർക്കാരിന്റെ നിയമപ്രകാരം റോഡിൽ ഇറക്കാൻ പാടില്ലാത്ത, 15 വർഷം പഴക്കമുള്ള വാഹനമാണു കോടതിയിൽ ഹാജരാക്കിയതെന്നു കണ്ടെത്തി. കമലാക്ഷിയുടെ ഇടതുകണ്ണിന് ജില്ലാ ആശുപത്രിയിൽ 1995ലാണ് ശസ്ത്രക്രിയ നടത്തിയത്. കാഴ്ച നഷ്ടപ്പെട്ടതിനെത്തുടർന്ന് കമലാക്ഷി ഹൊസ്ദുർഗ് കോടതിയിൽ കേസ് ഫയൽ ചെയ്തു. 2.30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ 2018ൽ വിധി വന്നു.

ഒരു വർഷം കഴിഞ്ഞിട്ടും വിധി നടപ്പിലാക്കിയില്ലെന്നു കാട്ടി കമലാക്ഷി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ വേണ്ടിയാണ് ജില്ലാ ആശുപത്രിയിലെ ജീപ്പ് സബ് കോടതിയിൽ ഈടായി നൽകിയത്. അപ്പീൽ ഹൈക്കോടതി തള്ളി.

എന്നിട്ടും നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറായില്ല. ഇതോടെ കമലാക്ഷി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നുു. ഈടുവച്ച വാഹനം ലേലം ചെയ്ത് നഷ്ടപരിഹാരം നൽകണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്.