- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ വായ്പാ വാഗ്ദാനം; വീട്ടമ്മമാരുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ കാട്ടി പണം തട്ടുന്ന സംഭവങ്ങൾ വർധിക്കുന്നു
ചേർപ്പ്: ഓൺലൈനിൽ വായ്പാ വാഗ്ദാനം ചെയ്ത് വീട്ടമ്മമാരെ ചതിക്കുഴിയിൽ വീഴ്‌ത്തിയ ശേഷം മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ കാട്ടി പണം തട്ടുന്ന സംഭവങ്ങൾ വർദ്ധിക്കുന്നു. കേരളത്തിലങ്ങോളമിങ്ങോളം നിരവധി വീട്ടമ്മമാരാണ് ഇത്തരം ചതിക്കുഴികളിൽ വീഴുന്നത്. ഓൺലൈനിൽ ലോൺ നൽകിയ ശേഷം ഇവരുടെ ഫോട്ടോയും ആധാറടക്കമുള്ള വിവരങ്ങളും കൈക്കലാക്കിയ ശേഷമാണ് മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ കാട്ടി കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണി.
പൊലീസ് കേസെടുക്കാത്തതിനാൽ വീട്ടമ്മാർ പരാതി നൽകാൻ തയ്യാറാകുന്നില്ല. ഓൺലൈൻ വഴി സ്ത്രീകളുടെ ആധാർകാർഡ്, പാൻ കാർഡ്, ബാങ്ക് വിവരങ്ങൾ തുടങ്ങിയവ ശേഖരിച്ച ശേഷം ഈ സ്ത്രീകളുടെ വാട്ട്സ് ആപ്പ്, ഫെയ്സ് ബുക്ക് എന്നിവ ഹാക്ക് ചെയ്ത് ചിത്രങ്ങൾ കൈക്കലാക്കി മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കുകയാണ്.
പണം അയച്ചില്ലെങ്കിൽ നഗ്നചിത്രങ്ങൾ വാട്സ് ആപ്പ് സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെടുന്നത്. ചേർപ്പ് മേഖലയിൽ പല ഭാഗത്ത് വീട്ടമ്മമാർക്ക് ഈ അനുഭവം ഉണ്ടായി. ആറു മാസം മുമ്പ് ഒരു വീട്ടമ്മ ചേർപ്പ് പൊലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് പറഞ്ഞു. തനിക്ക് പറ്റിയ ചതി വാട്‌സാപ്പ് സ്റ്റാറ്റസ് വഴി സുഹൃത്തുക്കളെ അറിയിച്ച ശേഷം സിം കാർഡ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ ഡിലീറ്റ് ചെയ്തതായി പരാതിക്കാരിയായ വീട്ടമ്മ പറഞ്ഞു.
മാസങ്ങളായി ഇത്തരം തട്ടിപ്പുകൾ ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജനപ്രതിനിധിയായ ഒരു വീട്ടമ്മയ്ക്ക് ഈ അനുഭവം ഉണ്ടായി. മോർഫ് ചെയ്ത ചിത്രം അയച്ച് ഭീഷണിപ്പെടുത്തിയെങ്കിലും അവർ ഇതുവരെ പണം അയച്ചു കൊടുത്തിട്ടില്ല. 5000 മുതൽ 75,000 രൂപ വരെയാണ് ഈ തട്ടിപ്പു സംഘങ്ങൾ വാഗ്ദാനം ചെയ്യുക.
1600 മുതൽ 10,000 വരെ വീട്ടമ്മമാർക്ക് അയച്ചു കൊടുത്ത സംഭവങ്ങൾ ഉണ്ട്. ഏഴ് ദിവസത്തിനകം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടുള്ള മെസേജും അയക്കും. എന്നാൽ നിശ്ചിത ദിവസത്തിനു മുമ്പേ പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് മെസേജ് അയക്കും.
തിരിച്ച് അടയ്ക്കാത്ത മൂന്ന് വീട്ടമ്മമാർക്ക് ആദ്യം മോർഫ് ചെയ്ത നഗ്നചിത്രം അയച്ചു കൊടുത്തു. ശേഷം ഏതാനും സുഹൃത്തുക്കൾക്കും അയച്ചു. ഇതിൽ പതിനായിരം രൂപ വായ്പ എടുത്ത ഒരു വീട്ടമ്മയ്ക്ക് നിശ്ചിത ദിവസത്തിനു മുമ്പേ കൂടുതൽ പണം തിരിച്ചടയ്ക്കാൻ മെസേജ് വന്നതിനെ തുടർന്ന് പതിനായിരം രൂപ തിരിച്ചടച്ചു. എന്നാൽ അയ്യായിരം രൂപ കൂടി പെട്ടെന്ന് അയയ്ക്കാൻ പറഞ്ഞു.
അതിനു വിസമ്മതിച്ചപ്പോൾ മോർഫ് ചെയ്ത നഗ്നചിത്രം അയച്ച് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഭയന്ന വീട്ടമ്മ അയ്യായിരം രൂപ അയച്ചു കൊടുത്തു. വീണ്ടും അയ്യായിരം രൂപ ആവശ്യപ്പെട്ടപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്.



