കൊച്ചി: സിയാലിലെ നോളജ് ഫോറം 'വിപസ്യ', പ്രശസ്ത സംരംഭകനും ലോകസഞ്ചാരിയും കേരള സംസ്ഥാന ആസൂത്രണ ബോർഡ് അംഗവുമായ സന്തോഷ് ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്തു.

''ലോകയാത്രികനാവുന്നതിന് മുമ്പ്, എന്റെ യാത്രകൾ തുടങ്ങിയത് ഇന്ത്യയിൽ നിന്നാണ്; കേരളത്തിൽ നിന്നുമാണ്. ഒരു യഥാർത്ഥ സഞ്ചാരിയുടെ ആദ്യയാത്രകൾ അവരുടെ മാതൃരാജത്തിൽ നിന്നുമാണ് തുടങ്ങേണ്ടത്.'' ഉദ്ഘാടനശേഷം സിയാൽ ജീവനക്കാരുമായി സംവദിക്കവേ അദ്ദേഹം പറഞ്ഞു.

ആധുനിക സാങ്കേതികവിദ്യയുടെ കഴിവുകൾ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും, അതെങ്ങനെ നമ്മുടെ യാത്രകളെ ലളിതവും സുഗമവുമാക്കുന്നുവെന്നും 140 ഓളം രാജ്യങ്ങൾ സന്ദർശിച്ച അനുഭവപരിചയത്തിൽ നിന്നും അദ്ദേഹം വിശദീകരിച്ചു. 300 ഓളം പേർ പങ്കെടുത്ത പരിപാടിയുടെ സംവാദവേളയിൽ നിരവധി മികച്ച ആശയങ്ങളും ഉയർന്നു വന്നു.

സിയാലിൽ കലാസാഹിത്യ, സാങ്കേതിക മേഖലകളിലെ വിജ്ഞാന വിനിമയത്തിനുള്ള വേദിയാണ് വിപസ്യ. എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ സജി. കെ. ജോർജ്, ജയരാജൻ വി., എയർപോർട്ട് ഡയറക്ടർ മനു ജി., സി.എഫ്.ഒ സജി ഡാനിയേൽ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് അസിസ്റ്റന്റ് ജനറൽ മാനേജർ പി. എസ്. ജയൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.