പത്തനംതിട്ട ജില്ലയിലെ ബഡ്‌സ് വാരാചരണത്തിന് തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പന്തളം നഗരസഭ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിൽ കുടുംബശ്രീ പത്തനംതിട്ട ജില്ലാമിഷൻ കോർഡിനേറ്റർ എസ്.ആദില, പന്തളം നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ് എന്നിവർ ചേർന്ന് നിർവഹിച്ചു.പന്തളം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.സീന അധ്യക്ഷത വഹിച്ചു.

ജില്ലയിലെ 11 ബഡ്‌സ് സ്ഥാപനങ്ങളിലും കുടുംബശ്രീ അസ്സിസ്റ്റന്റ് ജില്ലാമിഷൻ കോ ഓർഡിനേറ്റർമാരുടെയും ബ്ലോക്ക് കോർഡിനേറ്റർമാരുടെയും തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെയും ജനപ്രതിനിധികളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും രക്ഷകർത്താക്കളുടെയും സാന്നിധ്യത്തിൽ ഒരു മുകുളം വൃക്ഷത്തൈ നടീൽ നടത്തി.കുട്ടികൾക്ക് ഫലവൃക്ഷത്തൈ വിതരണം ചെയ്തു.

വാരാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 11ന് ഗൃഹ സന്ദർശനവും ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷവും രക്ഷകർതൃസംഗമവും ബഡ്‌സ് സ്ഥാപനങ്ങളിൽ സംഘടിപ്പിക്കും. ഓഗസ്റ്റ് 16ന് ജില്ലാതല ബഡ്്‌സ് ദിനാഘോഷം വിവിധ പരിപാടികളോടെ പത്തനംതിട്ട അബാൻ ആർക്കേഡ് ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാനത്തെ ആദ്യ ബഡ്‌സ് സ്‌കൂളായ വെങ്ങാനൂർ ബഡ്‌സ് സ്‌കൂൾ ഉദ്ഘാടനം ചെയ്ത ഓഗസ്റ്റ് പതിനാറാം തീയതിയാണ് കുടുംബശ്രീ മിഷൻ ബഡ്‌സ് ദിനമായി ആഘോഷിക്കുന്നത്.

ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി കുടുംബശ്രീ നടത്തുന്ന ബഡ്‌സ് സ്ഥാപനങ്ങൾ കൂടുതൽ ജനകീയമാക്കുക,വിഭിന്ന ശേഷിയുള്ള കുട്ടികളെ സമൂഹത്തിലേക്ക് ഉൾചേർക്കുക, അവരുടെ രക്ഷിതാക്കൾക്ക് മാനസിക പിന്തുണ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് ദിനാചരണം സംഘടിപ്പിക്കുന്നത്.