കണ്ണൂർ: സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്‌സോ കേസെടുത്തു. ചെറുതാഴം സ്വദേശിയും ഹനുമാനമ്പലം ജീവനക്കാരനുമായ കരയടം മധുവിനെതിരെയാണ് പരിയാരം പൊലിസ് പോക്‌സോ ചുമത്തി കേസെടുത്തത്. പെൺകുട്ടിയെ ഇയാൾ പലതവണ വീട്ടിൽ കയറി ഉപദ്രവിച്ചുവെന്നാണ് പരാതി.

സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് മധുവിനെതിരെ പീഡന പരാതി പെൺകുട്ടി പറഞ്ഞത്. എന്നാൽ സിപിഎം പ്രാദേശികനേതാവായതിനാൽ പൊലിസ് മാസങ്ങൾക്ക് മുൻപുണ്ടായ പരാതിയിൽ നടപടിയെടുത്തില്ലെന്ന ആരോപണമുണ്ട്. സിപിഎം പാർട്ടി തലത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനെന്ന് കണ്ടെത്തുകയും പാർട്ടിബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കുകയും ചെയ്തിരുന്നു.

ഇതിനു ശേഷവും കുട്ടിയുടെ രക്ഷിതാക്കൾ നിയമ നടപടിയുമായി മുൻപോട്ടു പോയതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. കണ്ണൂർ ജില്ലയിലെ സിപിഎമ്മിന്റെ പാർട്ടി ഗ്രാമങ്ങളിലൊന്നാണ് ചെറുതാഴം. സംഭവത്തിന് ശേഷം കുറ്റാരോപിതനായ കരയടം മധു ഒളിവിലാണ്. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കിയ നിലയിലാണ് പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി വരികയാണെന്ന് പരിയാരം പൊലിസ് അറിയിച്ചു.