- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂത്ത് കോൺഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പു നടപടികൾ പുനരാരംഭിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പു നടപടികൾ പുനരാരംഭിച്ചു. തിരഞ്ഞെടുപ്പിനെതിരെ കോടതി പുറപ്പെടുവിച്ച സ്റ്റേ വ്യാഴാഴ്ച നീക്കിയതോടെയാണിത്. സ്റ്റേ നീങ്ങിയ വ്യാഴാഴ്ച വൈകിട്ട് 5നുതന്നെ വോട്ടെടുപ്പ് പുനരാരംഭിച്ചിട്ടുണ്ട്. 22നാണ് വോട്ടെടുപ്പു പൂർത്തിയാക്കുക.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് സംഘടനയുടെ ഭരണഘടനയ്ക്കു വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സ്ഥാനാർത്ഥികളിലൊരാൾ കോഴിക്കോട് ഒന്നാം പ്രിൻസിപ്പൽ മുൻസിഫ് കോടതിയിൽ നൽകിയ ഹർജിയെത്തുടർന്നാണ് ജൂലൈ 28ന് തിരഞ്ഞെടുപ്പു നടപടികൾ സ്റ്റേ ചെയ്ത് ഇടക്കാലവിധി പുറപ്പെടുവിച്ചത്.
പരാതിക്കാർ കോടതിയിൽ ഹാജരാക്കിയതല്ല സംഘടനയുടെ ഭരണഘടനയെന്ന് യൂത്ത് കോൺഗ്രസിനു വേണ്ടി ഹാജരായ അഡ്വ. വി.ടി.നിഹാലിന്റെ വാദം അംഗീകരിച്ചാണ് കോഴിക്കോട് പ്രിൻസിപ്പൽ മുൻസിഫ് ടി.ആൻസി തിരഞ്ഞെടുപ്പു നടപടികൾ പുനരാരംഭിക്കാൻ അനുമതി നൽകിയത്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കോട്ടയം ജില്ലയിൽ മാത്രം സെപ്റ്റംബർ 6 മുതൽ 10 ദിവസം കൂടി അനുവദിച്ച് വോട്ടെടുപ്പു പൂർത്തിയാക്കും. ഓരോ അംഗത്വവും ചേർക്കുന്നതിനൊപ്പം വോട്ട് രേഖപ്പെടുത്തുന്ന രീതിയാണ് യൂത്ത് കോൺഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പിൽ. ഇങ്ങനെ രേഖപ്പെടുത്തുന്ന ഓരോ അംഗത്വവും വോട്ടും സൂക്ഷ്മപരിശോധന നടത്തിയ ശേഷമാണ് എണ്ണിത്തിട്ടപ്പെടുത്തുക. ഇതിനു 3 മാസമാണ് അനുവദിച്ച സമയം.




