ആറ്റിങ്ങൽ: ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്കു സമീപം അർദ്ധരാത്രിയിൽ അക്രമം. കാറിലെത്തിയവരും ഓട്ടോറിക്ഷാ ഡ്രൈവർമാരും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് സംഘർഷം ഉണ്ടായത്. ഇരുവിഭാഗവും നടുറോഡിൽ ഏറ്റുമുട്ടി. അക്രമികൾ അഞ്ച് ഓട്ടോറിക്ഷകൾ തല്ലിത്തകർക്കുകയും ഡ്രൈവർമാരെ മർദിക്കുകയും ചെയ്തു. അക്രമത്തിനുശേഷം രക്ഷപ്പെട്ട, കാറിലെത്തിയവരെ പൊലീസ് അന്വേഷിക്കുകയാണ്. കാറിലെത്തിയവർ സംഘർഷത്തിനുശേഷം തിരുവനന്തപുരം ഭാഗത്തേക്കു പോയതായാണ് വിവരം.

വ്യാഴാഴ്ച അർദ്ധരാത്രിയിലായിരുന്നു സംഭവം. തിരുവനന്തപുരം ഭാഗത്തുനിന്ന് ആഡംബര കാറിലെത്തിയ മൂന്നുപേരാണ് അക്രമം നടത്തിയതെന്നാണ് ഓട്ടോ ഡ്രൈവർമാർ പൊലീസിൽ മൊഴിനൽകിയിട്ടുള്ളത്. ഓട്ടോ ഡ്രൈവർമാരും ആറ്റിങ്ങൽ സ്വദേശികളുമായ രഞ്ജിത്, ബൈജു, ഷിബു, സനീഷ്, റഫീഖ് എന്നിവർക്കാണ് മർദനമേറ്റത്. ഇവർ വലിയകുന്ന് താലൂക്കാശുപത്രിയിൽ ചികിത്സതേടി. കാറിലെത്തിയവർക്കും പരിക്കേറ്റെന്നു പറയുന്നുണ്ടെങ്കിലും പൊലീസിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. അവർ എവിടെ ചികിത്സതേടിയെന്ന കാര്യത്തിലും വ്യക്തതയില്ല.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. രാത്രി പന്ത്രണ്ടരയോടെ പാർവതീപുരം ഗ്രാമത്തിലേക്കുള്ള റോഡിന്റെ സമീപത്തായി കാർ നിർത്തിയിട്ടശേഷം കാറിലുണ്ടായിരുന്ന ഒരാൾ പുറത്തിറങ്ങി ഓട്ടോ സ്റ്റാൻഡിന്റെ പിന്നിൽ പോയി മൂത്രമൊഴിച്ചു. ഇത് ഓട്ടോ ഡ്രൈവർമാർ ചോദ്യംചെയ്യുകയും ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളും ഉണ്ടാകുകയും ചെയ്തു. ഈസമയം കാറിലുണ്ടായിരുന്ന മറ്റൊരാൾ ഹോക്കി സ്റ്റിക്കുമായി പുറത്തിറങ്ങി സ്റ്റാൻഡിലുണ്ടായിരുന്ന ഓട്ടോറിക്ഷകളുടെ ചില്ലുകൾ അടിച്ചുതകർക്കുകയും ഡ്രൈവർമാരെ മർദിക്കുകയും ചെയ്തു. സംഘർഷത്തിൽ ഇരുകൂട്ടർക്കും പരിക്കേറ്റു.

ഓട്ടോ ഡ്രൈവർമാരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാർ ആറ്റിങ്ങൽ എൽ.എം.എസ്. ജങ്ഷനടുത്തുള്ള ആളിന്റേതാണെന്നു കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവസമയം കാറിൽ ആരൊക്കെയാണുണ്ടായിരുന്നതെന്നും അവരിപ്പോൾ എവിടെയാണെന്നുമുള്ള കാര്യങ്ങൾ അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു