- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോട്ടറി ഏജന്റായ അച്ഛൻ വിറ്റ ലോട്ടറി ടിക്കറ്റിൽ മകന് ഒന്നാം സമ്മാനം; 80 ലക്ഷം മകന് ലഭിച്ചതറിഞ്ഞതിന്റെ ആഹ്ലാദത്തിൽ അച്ഛൻ; അച്ഛനാണ് തന്റെ ഭാഗ്യമെന്ന് മകനും
മൂവാറ്റുപുഴ: ലോട്ടറി ഏജന്റായ അച്ഛൻ വിറ്റ ലോട്ടറി ടിക്കറ്റിൽ മകന് ഒന്നാം സമ്മാനം. മൂവാറ്റുപുഴ കടാതി കൃഷ്ണ വിലാസത്തിൽ രവീന്ദ്രനിൽ നിന്നു മകൻ രാജേഷ് കുമാർ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണു (പിഎ 409074 ) വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനം ലഭിച്ചത്.
ടിക്കറ്റിനു ഒന്നാം സമ്മാനം ലഭിച്ചതിൽ സന്തോഷം ഉണ്ടെങ്കിലും ആദ്യം ഇക്കാര്യം ആരോടും രാജേഷ്‌കുമാർ പറഞ്ഞില്ല. അച്ഛൻ രവീന്ദ്രനാകട്ടെ മകനു ലോട്ടറി അടിച്ച വിവരം അറിഞ്ഞെങ്കിലും ഇന്നലെയും ഒന്നും സംഭവിക്കാത്ത പോലെ ലോട്ടറി ടിക്കറ്റ് വിൽപന തുടർന്നു.
'അച്ഛനാണ് എന്റെ ഭാഗ്യം. എല്ലാ ദിവസവും അച്ഛനിൽ നിന്നു ലോട്ടറി ടിക്കറ്റ് വാങ്ങും. കഴിഞ്ഞ ദിവസം അച്ഛന്റെ കയ്യിൽ നിന്നു വാങ്ങിയ ലോട്ടറി ടിക്കറ്റുകൾക്ക് 5,000 രൂപയുടെയും 500 രൂപയുടെയും സമ്മാനം അടിച്ചിരുന്നു. ഈ ടിക്കറ്റുകൾ അച്ഛനു തന്നെ നൽകി സമ്മാനത്തുകയിൽ ഒരു ഭാഗവും ബാക്കി തുകയ്ക്കു ലോട്ടറി ടിക്കറ്റുകളും വാങ്ങി. ഈ ടിക്കറ്റുകളിൽ ഒന്നിനാണു ഒന്നാം സമ്മാനം ലഭിച്ചത്'. രാജേഷ് കുമാർ പറയുന്നു.
ഫ്‌ളോറിങ് ജോലിയാണു രാജേഷ് കുമാറിന്. 2 മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന് ഒട്ടേറെ കടങ്ങളുണ്ട്. ഇതൊക്കെ വീട്ടണം. പിന്നെ അച്ഛനു വേണ്ടതെല്ലാം നൽകണം. ഭാവി ജീവിതം സുരക്ഷിതമാക്കാൻ എന്തെങ്കിലുമൊക്കെ ചെയ്യണം. ഇതാണിപ്പോൾ രാജേഷ് കുമാറിന്റെ തീരുമാനം. കോലഞ്ചേരിയിലെ തോംസൺ ഏജൻസിയിൽ നിന്നാണ് രവീന്ദ്രൻ ലോട്ടറി ടിക്കറ്റുകൾ വാങ്ങി വിൽപന നടത്തുന്നത്.




