ഗസ്സിയാബാദ്: സഹോദരൻ മയക്കുമരുന്ന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആത്മഹത്യാ കുറിപ്പ് എഴുതിയ ശേഷം പെൺകുട്ടി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഗസ്സിയാബാദിലാണ് 16കാരി സ്വന്തം വീട്ടിൽ തൂങ്ങി മരിച്ചത്. ഭിത്തിയിൽ ഒട്ടിച്ച നിലയിലായിരുന്നു സഹോദരനോടുള്ള അപേക്ഷ അടങ്ങിയ ആത്മഹത്യാ കുറിപ്പ്.

ജീവനൊടുക്കുന്നതിന് പിന്നാൽ ആരും ഉത്തരവാദികളെന്ന് വ്യക്തമാക്കുന്ന കുറിപ്പിൽ തന്റെ ആത്മഹത്യയെങ്കിലും സഹോദരന്റെ മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് പിന്തിരിപ്പിക്കുമെന്ന പ്രതീക്ഷയുണ്ടെന്നാണ് 16കാരി വിശദമാക്കുന്നത്.

സംഭവത്തിൽ 16കാരിയുടെ സഹോദരനെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തി കേസ് എടുത്തിരിക്കുകയാണ് ഗസ്സിയാബാദ് പൊലീസ്. വ്യാഴാഴ്ച പെൺകുട്ടിയുടെ അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തി വാതിലിൽ തട്ടി വിളിച്ചപ്പോൾ വാതിൽ അകത്ത് നിന്ന് അടച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്.

വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് മകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ കുടുംബം പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് വിശദമാക്കി.