- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം നഗരത്തിൽ അർധരാത്രിക്കു ശേഷം സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; ബാലഗ്രാം സ്വദേശിയായ പ്രതി റിമാൻഡിൽ; ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയെന്ന് പൊലീസ്
കോട്ടയം: കോട്ടയം നഗരത്തിൽ കഴിഞ്ഞ ദിവസം അർധരാത്രിക്കു ശേഷം സ്ത്രീയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കുപ്രസിദ്ധ കുറ്റവാളി ഇടുക്കി കരുണാപുരം ബാലഗ്രാം സ്വദേശി ബാബുവിനെ (ചുണ്ടെലി ബാബു48) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കെകെ റോഡിൽ ബസേലിയസ് കോളജ് ജംക്ഷനിൽ ശനിയാഴ്ച പുലർച്ചെ 12.30നായിരുന്നു സംഭവം.
കടത്തിണ്ണയിൽ ഉറങ്ങുകയായിരുന്ന ബിന്ദു(40)വിനാണ് വെട്ടേറ്റത്. കാപ്പ നിയമം ലംഘിച്ചതിന് ജയിലിലായിരുന്ന ബാബു കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. താൻ ജയിലിൽ പോകുന്നതിനു മുൻപ് ഒപ്പം കഴിഞ്ഞിരുന്ന ബിന്ദുവിന് വേറൊരു യുവാവുമായി ഇപ്പോൾ അടുപ്പമുണ്ടെന്ന സംശയത്തെത്തുടർന്നായിരുന്നു ആക്രമണം. ഉറങ്ങുകയായിരുന്ന ബിന്ദുവിനു സമീപം ഇരുന്ന് ആഹാരം കഴിക്കാൻ ഒരുങ്ങുകയായിരുന്ന എരുമേലി സ്വദേശി രാജുവിനെ കത്തിയുമായെത്തിയ ബാബു ആക്രമിക്കുകയായിരുന്നു.
അംഗപരിമിതനായ രാജു ഊന്നുവടി ഉപയോഗിച്ച് തടഞ്ഞു. ബഹളം കേട്ടെഴുന്നേറ്റ് തടയാനെത്തിയ ബിന്ദുവിനെ ബാബു ആക്രമിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കയ്യിൽ കരുതിയ വാക്കത്തി കൊണ്ട് ബിന്ദുവിന്റെ കഴുത്തിനു വെട്ടി. ഈ സമയം സ്ഥലത്തെത്തിയ പൊലീസിനെ ആക്രമിക്കാനും ശ്രമിച്ചു. പൊലീസ് ആംബുലൻസ് വിളിച്ചുവരുത്തിയാണ് ബിന്ദുവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ബിന്ദുവിനെ വീണ്ടും ആക്രമിക്കാൻ ജനറൽ ആശുപത്രിയിലെത്തിയപ്പോൾ പൊലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബിന്ദു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പിടിയിലായത് ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയെന്നാണ് പൊലീസ് പറയുന്നത്. വിവിധ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, മോഷണം തുടങ്ങിയ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ചുണ്ടെലി, ഡ്രാക്കുള എന്നീ ഇരട്ടപ്പേരുകളിലറിയപ്പെടുന്ന ബാബു. ഇടുക്കി സ്വദേശിയാണെങ്കിലും തട്ടകം കോട്ടയം. മോഷണമാണ് ഇയാളുടെ പ്രധാന വരുമാന മാർഗമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ തിരുനക്കര പകൽപൂരത്തിന് ആൽമരത്തിന്റെ വള്ളിയിലൂടെ ബാബു ഊർന്നിറങ്ങി വരുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.




