പത്തനാപുരം: മകന്റെ വാഹനം ജപ്തി ചെയ്തതിൽ മനംനൊന്തു ഗൃഹനാഥൻ ജീവനൊടുക്കി. തലവൂർ അരിങ്ങട പ്ലാങ്കാല വീട്ടിൽ കുഞ്ഞപ്പൻ (60) ആണു വിഷം ഉള്ളിൽ ചെന്നു മരിച്ചത്. ധനകാര്യ സ്ഥാപനത്തിന്റെ പീഡനമാണു മരണത്തിലേക്കു നയിച്ചതെന്നു ബന്ധുക്കൾ ആരോപിച്ചു.

സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പുനലൂർ ശാഖയിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ മകൻ ലിനുവിന്റെ ട്രാവലർ ബുധനാഴ്ച ജപ്തി ചെയ്തിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ജപ്തി നടപടി. പണം അടയ്ക്കാമെന്നും വാഹനം കൊണ്ടുപോകരുതെന്നും കുഞ്ഞപ്പൻ അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.

പിറ്റേന്ന് ഉച്ചയ്ക്കാണു കുഞ്ഞപ്പനെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ട് 5നു മരിച്ചു. മകന്റെ ഏക വരുമാന മാർഗമായ ട്രാവലർ ജപ്തി നടപടിയിൽ മനംനൊന്താണ് ആത്മഹത്യയെന്ന് ആരോപിച്ചു ബന്ധുക്കളും ടൂറിസ്റ്റ് ബസ് ഉടമകളും രംഗത്തെത്തി. എസ്‌പിക്കു പരാതി നൽകുമെന്നു ലിനു പറഞ്ഞു. കുഞ്ഞപ്പന്റെ ഭാര്യ: ലിസി. മകൾ: ലിൻസി.