- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുപ്രവർത്തകർ സ്വാർഥ നേട്ടങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നവരാവരുത്; സാമൂഹ്യനന്മയ്ക്കായി സർവവും ത്യജിക്കാൻ സന്നദ്ധരായിരിക്കണമെന്ന് ഗവർണർ
തൃശൂർ: പൊതുപ്രവർത്തകർ സാമൂഹ്യനന്മയ്ക്കായി സർവവും ത്യജിക്കാൻ സന്നദ്ധരായിരിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സാമൂഹ്യരംഗത്ത് പ്രവർത്തിക്കുന്നവർ സ്വാർഥനേട്ടങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നവരാവരുതെന്ന് ഗവർണ്ണർ പറഞ്ഞു. തൃശൂരിൽ സമർപ്പണ രാമായണ ഫെസ്റ്റിന്റെ ഭാഗമായുള്ള ശബരി ആദരവും വാല്മീകി പുരസ്‌കാര സമർപ്പണ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.
തങ്ങൾക്ക് മുന്നിൽ എത്തുന്ന സാധാരണ ജനങ്ങളുടെ കണ്ണീരൊപ്പാനുള്ള പ്രവർത്തനമാണ് പൊതുപ്രവർത്തകർ ചെയ്യേണ്ടത്. അതിനുവേണ്ടി സ്വന്തമായുള്ളതെല്ലാം ത്യജിക്കേണ്ടി വന്നാൽ അതിനും തയാറാകണം. ശ്രീരാമചന്ദ്രൻ അത്തരം മാതൃകയാണ് ലോകത്തിനുമുന്നിൽ കാണിച്ചുതന്നത്- ഗവർണർ പറഞ്ഞു. ചടങ്ങിൽ വാല്മീകി പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക് ഗവർണർ സമ്മാനിച്ചു.
തന്നെ കവിയാക്കിയത് രാമായണമാണെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. വാല്മീകി പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിവിധ ഇന്ത്യൻ ഭാഷകളിലെ കവികളെല്ലാം ഏറിയും കുറഞ്ഞും രാമായണത്തോട് കടപ്പെട്ടിരിക്കുന്നു-ശ്രീകുമാരൻ തമ്പി പറഞ്ഞു. വ്യത്യസ്ത ഭാഷകളിൽ വ്യത്യസ്ത രാമായണങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്.തുഞ്ചത്തെഴുത്തച്ഛൻ രചിച്ച അധ്യാത്മരാമായണത്തിന്റെ സവിശേഷത അത് ഭക്തിരസ പ്രധാനമാണ് എന്നുള്ളതാണ്. മലയാളഭാഷയ്ക്ക് രാമായണം നൽകിയ സംഭാവന വിലമതിക്കാനാകാത്തതാണെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
സമർപ്പണ ചെയർമാൻ കെ. കിട്ടുനായർ അധ്യക്ഷനായിരുന്നു. ആർ.എസ്.എസ്. മുൻ അഖില ഭാരതീയ കാര്യകാരി അംഗം എസ്. സേതുമാധവൻ, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, അഡ്വ. ബി. ഗോപാലകൃഷ്ണൻ, ടി.സി. സേതുമാധവൻ, പിന്നണി ഗായകൻ ദേവാനന്ദ്, സിനിമാതാരം കുമാരി ദേവനന്ദ, മാസ്റ്റർ സദാശിവ്കൃഷ്ണ, തപസ്യ സംസ്ഥാന സമിതി അംഗം സി.സി. സുരേഷ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. കല്യാൺ സിൽക്സ് എം.ഡി. ടി.എസ്. പട്ടാഭിരാമൻ ഗവർണർക്ക് ഉപഹാരം സമ്മാനിച്ചു.




